വിലാപങ്ങൾ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

വിലാപങ്ങൾ 5:1

യഹോവേ, ഞങ്ങൾക്ക് എന്തു ഭവിക്കുന്നു എന്ന് ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.

വിലാപങ്ങൾ 5:2

ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയിരിക്കുന്നു.

വിലാപങ്ങൾ 5:3

ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായിത്തീർന്നിരിക്കുന്നു.

വിലാപങ്ങൾ 5:4

ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലയ്ക്കു വാങ്ങിക്കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു.

വിലാപങ്ങൾ 5:5

ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല.

വിലാപങ്ങൾ 5:6

അപ്പം തിന്നു തൃപ്തരാകേണ്ടതിന് ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.

വിലാപങ്ങൾ 5:7

ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.

വിലാപങ്ങൾ 5:8

ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.

വിലാപങ്ങൾ 5:9

മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.

വിലാപങ്ങൾ 5:10

ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.

വിലാപങ്ങൾ 5:11

അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.

വിലാപങ്ങൾ 5:12

അവൻ സ്വന്തകൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.

വിലാപങ്ങൾ 5:13

യൗവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു.

വിലാപങ്ങൾ 5:14

വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല.

വിലാപങ്ങൾ 5:15

ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായിത്തീർന്നിരിക്കുന്നു.

വിലാപങ്ങൾ 5:16

ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം!

വിലാപങ്ങൾ 5:17

ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിനു രോഗംപിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.

വിലാപങ്ങൾ 5:18

സീയോൻപർവതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നെ.

വിലാപങ്ങൾ 5:19

യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.

വിലാപങ്ങൾ 5:20

നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?

വിലാപങ്ങൾ 5:21

യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന് ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.

വിലാപങ്ങൾ 5:22

അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?