അപ്പൊ. പ്രവൃത്തികൾ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 52 വരെ

അപ്പൊ. പ്രവൃത്തികൾ 13:1

അന്ത്യൊക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 13:2

അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേർതിരിപ്പിൻ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 13:3

അങ്ങനെ അവർ ഉപവസിച്ചു പ്രാർഥിച്ച് അവരുടെമേൽ കൈ വച്ച് അവരെ പറഞ്ഞയച്ചു.

അപ്പൊ. പ്രവൃത്തികൾ 13:4

പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്കു ചെന്നു; അവിടെനിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി,

അപ്പൊ. പ്രവൃത്തികൾ 13:5

സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 13:6

അവർ ദ്വീപിൽകൂടി പാഫൊസ്‍വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു.

അപ്പൊ. പ്രവൃത്തികൾ 13:7

അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:8

എന്നാൽ എലീമാസ് എന്ന വിദ്വാൻ -ഇതാകുന്നു അവന്റെ പേരിന്റെ അർഥം- അവരോട് എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:9

അപ്പോൾ പൗലൊസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണനായി അവനെ ഉറ്റുനോക്കി:

അപ്പൊ. പ്രവൃത്തികൾ 13:10

ഹേ! സകല കപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവനീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?

അപ്പൊ. പ്രവൃത്തികൾ 13:11

ഇപ്പോൾ കർത്താവിന്റെ കൈ നിന്റെമേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെമേൽ വീണു; കൈ പിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു.

അപ്പൊ. പ്രവൃത്തികൾ 13:12

ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:13

പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.

അപ്പൊ. പ്രവൃത്തികൾ 13:14

അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത്നാളിൽ പള്ളിയിൽ ചെന്ന് ഇരുന്നു.

അപ്പൊ. പ്രവൃത്തികൾ 13:15

ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:16

പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി പറഞ്ഞത്: യിസ്രായേൽപുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, കേൾപ്പിൻ.

അപ്പൊ. പ്രവൃത്തികൾ 13:17

യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർധിപ്പിച്ചു, ഭുജവീര്യംകൊണ്ട് അവിടെനിന്നു പുറപ്പെടുവിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:18

മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,

അപ്പൊ. പ്രവൃത്തികൾ 13:19

കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്‍സരം കഴിഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 13:20

അതിന്റെശേഷം അവൻ അവർക്ക് ശമൂവേൽപ്രവാചകൻവരെ ന്യായാധിപതിമാരെ കൊടുത്തു.

അപ്പൊ. പ്രവൃത്തികൾ 13:21

അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.

അപ്പൊ. പ്രവൃത്തികൾ 13:22

അവനെ നീക്കിയിട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്ന് അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 13:23

അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിനു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.

അപ്പൊ. പ്രവൃത്തികൾ 13:24

അവന്റെ വരവിനു മുമ്പേ യോഹന്നാൻ യിസ്രായേൽജനത്തിനൊക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:25

യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹായല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പ് അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 13:26

സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.

അപ്പൊ. പ്രവൃത്തികൾ 13:27

യെരൂശലേംനിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്കു വിധിക്കയാൽ അവയ്ക്കു നിവൃത്തി വരുത്തി.

അപ്പൊ. പ്രവൃത്തികൾ 13:28

മരണത്തിന് ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവർ പീലാത്തൊസിനോട് അപേക്ഷിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:29

അവനെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും തികച്ചശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വച്ചു.

അപ്പൊ. പ്രവൃത്തികൾ 13:30

ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു;

അപ്പൊ. പ്രവൃത്തികൾ 13:31

അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.

അപ്പൊ. പ്രവൃത്തികൾ 13:32

ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 13:33

നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

അപ്പൊ. പ്രവൃത്തികൾ 13:34

ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 13:35

മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.

അപ്പൊ. പ്രവൃത്തികൾ 13:36

ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്കു ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.

അപ്പൊ. പ്രവൃത്തികൾ 13:37

ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,

അപ്പൊ. പ്രവൃത്തികൾ 13:38

ഇവൻമൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും

അപ്പൊ. പ്രവൃത്തികൾ 13:39

മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.

അപ്പൊ. പ്രവൃത്തികൾ 13:40

ആകയാൽ. “ഹേ നിന്ദക്കാരേ, നോക്കുവിൻ; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ”

അപ്പൊ. പ്രവൃത്തികൾ 13:41

എന്ന് പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

അപ്പൊ. പ്രവൃത്തികൾ 13:42

അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റേ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്ന് അവർ അപേക്ഷിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:43

പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ചു ദൈവകൃപയിൽ നിലനില്ക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:44

പിറ്റേ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.

അപ്പൊ. പ്രവൃത്തികൾ 13:45

യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 13:46

അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യം പൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്ന് വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.

അപ്പൊ. പ്രവൃത്തികൾ 13:47

“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു” എന്ന് കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 13:48

ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:49

കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 13:50

യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരേ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽനിന്നു പുറത്താക്കിക്കളഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 13:51

എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരേ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്കു പോയി.

അപ്പൊ. പ്രവൃത്തികൾ 13:52

ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.