അപ്പൊ. പ്രവൃത്തികൾ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 60 വരെ

അപ്പൊ. പ്രവൃത്തികൾ 7:1

ഇത് ഉള്ളതു തന്നെയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന്

അപ്പൊ. പ്രവൃത്തികൾ 7:2

അവൻ പറഞ്ഞത്: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പേ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾതന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി:

അപ്പൊ. പ്രവൃത്തികൾ 7:3

നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ട് ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദയരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.

അപ്പൊ. പ്രവൃത്തികൾ 7:4

അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:5

അവന് അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന് സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 7:6

അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്‍സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:7

അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ സേവിക്കും എന്ന് ദൈവം അരുളിച്ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 7:8

പിന്നെ അവനു പരിച്ഛേദന എന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാംനാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:9

ഗോത്രപിതാക്കന്മാർ യോസേഫിനോട് അസൂയപ്പെട്ട് അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 7:10

എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിനും തന്റെ സർവഗൃഹത്തിനും അധിപതിയാക്കി വച്ചു.

അപ്പൊ. പ്രവൃത്തികൾ 7:11

മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്ക് ആഹാരം കിട്ടാതെയായി.

അപ്പൊ. പ്രവൃത്തികൾ 7:12

മിസ്രയീമിൽ ധാന്യം ഉണ്ട് എന്നു കേട്ടിട്ട് യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.

അപ്പൊ. പ്രവൃത്തികൾ 7:13

രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോനു വെളിവായ്‍വന്നു.

അപ്പൊ. പ്രവൃത്തികൾ 7:14

യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെയൊക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചു പേരായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 7:15

യാക്കോബ് മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:16

അവരെ ശെഖേമിൽ കൊണ്ടുവന്ന് ശെഖേമിൽ എമ്മോരിന്റെ മക്കളോട് അബ്രാഹാം വില കൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 7:17

ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർധിച്ചു പെരുകി.

അപ്പൊ. പ്രവൃത്തികൾ 7:18

ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു.

അപ്പൊ. പ്രവൃത്തികൾ 7:19

അവൻ നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുത് എന്നുവച്ച് അവരെ പുറത്തിടുവിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:20

ആ കാലത്ത് മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.

അപ്പൊ. പ്രവൃത്തികൾ 7:21

പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി.

അപ്പൊ. പ്രവൃത്തികൾ 7:22

മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർഥനായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 7:23

അവനു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽമക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്ന് മനസ്സിൽ തോന്നി.

അപ്പൊ. പ്രവൃത്തികൾ 7:24

അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നത് കണ്ടിട്ട് അവനു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതനുവേണ്ടി പ്രതിക്രിയ ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 7:25

ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.

അപ്പൊ. പ്രവൃത്തികൾ 7:26

പിറ്റന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്നു: പുരുഷന്മാരേ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത് എന്നു പറഞ്ഞ് അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.

അപ്പൊ. പ്രവൃത്തികൾ 7:27

എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?

അപ്പൊ. പ്രവൃത്തികൾ 7:28

ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 7:29

ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നുപാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:30

നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായിമലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി.

അപ്പൊ. പ്രവൃത്തികൾ 7:31

മോശെ ആ ദർശനം കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ:

അപ്പൊ. പ്രവൃത്തികൾ 7:32

ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്ന് കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.

അപ്പൊ. പ്രവൃത്തികൾ 7:33

കർത്താവ് അവനോട്: നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പ് ഊരിക്കളക.

അപ്പൊ. പ്രവൃത്തികൾ 7:34

മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 7:35

നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.

അപ്പൊ. പ്രവൃത്തികൾ 7:36

അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്‍സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നടത്തിക്കൊണ്ടുവന്നു.

അപ്പൊ. പ്രവൃത്തികൾ 7:37

ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് യിസ്രായേൽമക്കളോടു പറഞ്ഞ മോശെ അവൻതന്നെ.

അപ്പൊ. പ്രവൃത്തികൾ 7:38

സീനായിമലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻതന്നെ.

അപ്പൊ. പ്രവൃത്തികൾ 7:39

നമ്മുടെ പിതാക്കന്മാർ അവനു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞ് ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു,

അപ്പൊ. പ്രവൃത്തികൾ 7:40

അഹരോനോട്: ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 7:41

അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിനു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.

അപ്പൊ. പ്രവൃത്തികൾ 7:42

ദൈവവും പിന്തിരിഞ്ഞു, ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്‍സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?

അപ്പൊ. പ്രവൃത്തികൾ 7:43

നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മോലോക്കിന്റെ കൂടാരവും രേഫാൻ ദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോനപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

അപ്പൊ. പ്രവൃത്തികൾ 7:44

നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്ന് മോശെയോട് അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.

അപ്പൊ. പ്രവൃത്തികൾ 7:45

നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വച്ചിരുന്നു.

അപ്പൊ. പ്രവൃത്തികൾ 7:46

അവൻ ദൈവത്തിന്റെ മുമ്പാകെ കൃപ ലഭിച്ച്, യാക്കോബിന്റെ ദൈവത്തിന് ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:47

ശലോമോൻ അവന് ഒരു ആലയം പണിതു.

അപ്പൊ. പ്രവൃത്തികൾ 7:48

അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും.

അപ്പൊ. പ്രവൃത്തികൾ 7:49

“സ്വർഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രമസ്ഥലവും ഏത്?

അപ്പൊ. പ്രവൃത്തികൾ 7:50

ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയത് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ.

അപ്പൊ. പ്രവൃത്തികൾ 7:51

ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും

അപ്പൊ. പ്രവൃത്തികൾ 7:52

പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളൂ? നീതിമാനായവന്റെ വരവിനെക്കുറിച്ച് മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 7:53

അവനു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.

അപ്പൊ. പ്രവൃത്തികൾ 7:54

ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരേ പല്ലുകടിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:55

അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്ത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു:

അപ്പൊ. പ്രവൃത്തികൾ 7:56

ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 7:57

അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരേ പാഞ്ഞുചെന്നു,

അപ്പൊ. പ്രവൃത്തികൾ 7:58

അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കൽ വച്ചു.

അപ്പൊ. പ്രവൃത്തികൾ 7:59

കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്ന് സ്തെഫാനൊസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 7:60

അവനോ മുട്ടുകുത്തി: കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.