അപ്പൊ. പ്രവൃത്തികൾ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

അപ്പൊ. പ്രവൃത്തികൾ 3:1

ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണി നേരം പ്രാർഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ

അപ്പൊ. പ്രവൃത്തികൾ 3:2

അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ട്.

അപ്പൊ. പ്രവൃത്തികൾ 3:3

അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നത് കണ്ടിട്ടു ഭിക്ഷ ചോദിച്ചു.

അപ്പൊ. പ്രവൃത്തികൾ 3:4

പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കൂ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 3:5

അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചുനോക്കി.

അപ്പൊ. പ്രവൃത്തികൾ 3:6

അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞ്

അപ്പൊ. പ്രവൃത്തികൾ 3:7

അവനെ വലംകൈക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറച്ച്

അപ്പൊ. പ്രവൃത്തികൾ 3:8

അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.

അപ്പൊ. പ്രവൃത്തികൾ 3:9

അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനമൊക്കെയും കണ്ടു,

അപ്പൊ. പ്രവൃത്തികൾ 3:10

ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്ന് അറിഞ്ഞ് അവനു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 3:11

അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയം പൂണ്ടു ശലോമോൻറേത് എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.

അപ്പൊ. പ്രവൃത്തികൾ 3:12

അത് കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞത്: യിസ്രായേൽപുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്തശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?

അപ്പൊ. പ്രവൃത്തികൾ 3:13

അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 3:14

പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 3:15

അവനെ ദൈവം മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചു; അതിനു ഞങ്ങൾ സാക്ഷികൾ ആകുന്നു.

അപ്പൊ. പ്രവൃത്തികൾ 3:16

അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമംതന്നെ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായിത്തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവനു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ 3:17

സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവർത്തിച്ചു എന്ന് ഞാൻ അറിയുന്നു.

അപ്പൊ. പ്രവൃത്തികൾ 3:18

ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു.

അപ്പൊ. പ്രവൃത്തികൾ 3:19

ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്ന് ആശ്വാസകാലങ്ങൾ വരികയും

അപ്പൊ. പ്രവൃത്തികൾ 3:20

നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയയ്ക്കയും ചെയ്യും.

അപ്പൊ. പ്രവൃത്തികൾ 3:21

ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതൊക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.

അപ്പൊ. പ്രവൃത്തികൾ 3:22

“ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.

അപ്പൊ. പ്രവൃത്തികൾ 3:23

ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ.

അപ്പൊ. പ്രവൃത്തികൾ 3:24

അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാരൊക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.

അപ്പൊ. പ്രവൃത്തികൾ 3:25

“ഭൂമിയിലെ സകല വംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾതന്നെ.

അപ്പൊ. പ്രവൃത്തികൾ 3:26

നിങ്ങൾക്ക് ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ച് ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന് അവനെ അയച്ചിരിക്കുന്നു.