മത്തായി - 26 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 75 വരെ

മത്തായി 26:1

ഈ വചനങ്ങളൊക്കെയും പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോട്:

മത്തായി 26:2

രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും എന്നു പറഞ്ഞു.

മത്തായി 26:3

അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നുകൂടി.

മത്തായി 26:4

യേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു;

മത്തായി 26:5

എങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുന്നാളിൽ അരുത് എന്നു പറഞ്ഞു.

മത്തായി 26:6

യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ

മത്തായി 26:7

ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെൺകൽഭരണി എടുത്തുംകൊണ്ട് അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അത് അവന്റെ തലയിൽ ഒഴിച്ചു.

മത്തായി 26:8

ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവ് എന്തിന്?

മത്തായി 26:9

ഇതു വളരെ വിലയ്ക്കു വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.

മത്തായി 26:10

യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തത്.

മത്തായി 26:11

ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ട്; ഞാൻ നിങ്ങൾക്ക് എല്ലായ്പോഴും ഇല്ലതാനും.

മത്തായി 26:12

അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചത് എന്റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു.

മത്തായി 26:13

ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

മത്തായി 26:14

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:

മത്തായി 26:15

നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവനു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.

മത്തായി 26:16

അന്നുമുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.

മത്തായി 26:17

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടത് എവിടെ എന്നു ചോദിച്ചു.

മത്തായി 26:18

അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.

മത്തായി 26:19

ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.

മത്തായി 26:20

സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.

മത്തായി 26:21

അവർ ഭക്ഷിക്കുമ്പോൾ അവൻ: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

മത്തായി 26:22

അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്ന് ഓരോരുത്തൻ പറഞ്ഞുതുടങ്ങി.

മത്തായി 26:23

അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും.

മത്തായി 26:24

തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളായിരുന്നു.

മത്തായി 26:25

എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ തന്നെ എന്ന് അവൻ പറഞ്ഞു.

മത്തായി 26:26

അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇത് എന്റെ ശരീരം എന്നു പറഞ്ഞു.

മത്തായി 26:27

പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ.

മത്തായി 26:28

ഇത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം;

മത്തായി 26:29

എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്ന് ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.

മത്തായി 26:30

പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി.

മത്തായി 26:31

യേശു അവരോട്: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ.

മത്തായി 26:32

എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലയ്ക്കു പോകും.

മത്തായി 26:33

അതിനു പത്രൊസ്: എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു.

മത്തായി 26:34

യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.

മത്തായി 26:35

നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു; അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.

മത്തായി 26:36

അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോട്: ഞാൻ അവിടെ പോയി പ്രാർഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു,

മത്തായി 26:37

പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടുചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:

മത്തായി 26:38

എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ച് എന്നോടുകൂടെ ഉണർന്നിരിപ്പിൻ എന്ന് അവരോടു പറഞ്ഞു.

മത്തായി 26:39

പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർഥിച്ചു.

മത്തായി 26:40

പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോട്: എന്നോടുകൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?

മത്തായി 26:41

പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർഥിപ്പിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.

മത്തായി 26:42

രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ എന്നു പ്രാർഥിച്ചു.

മത്തായി 26:43

അനന്തരം അവൻ വന്ന്, അവർ കണ്ണിനു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു.

മത്തായി 26:44

അവരെ വിട്ടു മൂന്നാമതും പോയി ആ വചനംതന്നെ ചൊല്ലി പ്രാർഥിച്ചു.

മത്തായി 26:45

പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്നു;

മത്തായി 26:46

എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.

മത്തായി 26:47

അവൻ സംസാരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.

മത്തായി 26:48

അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്ന് അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു.

മത്തായി 26:49

ഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു.

മത്തായി 26:50

യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വച്ച് അവനെ പിടിച്ചു.

മത്തായി 26:51

അപ്പോൾ യേശുവിനോടുകൂടെ ഉള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാത് അറുത്തു.

മത്തായി 26:52

യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും.

മത്തായി 26:53

എന്റെ പിതാവിനോട് ഇപ്പോൾതന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?

മത്തായി 26:54

എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.

മത്തായി 26:55

ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല.

മത്തായി 26:56

എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.

മത്തായി 26:57

യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി.

മത്തായി 26:58

എന്നാൽ പത്രൊസ് ദൂരവേ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്ന്, അകത്തു കടന്ന് അവസാനം കാൺമാൻ സേവകന്മാരോടുകൂടി ഇരുന്നു.

മത്തായി 26:59

മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്റെ നേരേ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;

മത്തായി 26:60

കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.

മത്തായി 26:61

ഒടുവിൽ രണ്ടുപേർ വന്ന്: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്ന് ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.

മത്തായി 26:62

മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു.

മത്തായി 26:63

യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു.

മത്തായി 26:64

യേശു അവനോട്: ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു എന്നു പറഞ്ഞു.

മത്തായി 26:65

ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ;

മത്തായി 26:66

നിങ്ങൾക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്: അവൻ മരണയോഗ്യൻ എന്ന് അവർ ഉത്തരം പറഞ്ഞു.

മത്തായി 26:67

അപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:

മത്തായി 26:68

ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.

മത്തായി 26:69

എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

മത്തായി 26:70

അതിന് അവൻ: നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്ന് എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.

മത്തായി 26:71

പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ട് അവിടെ ഉള്ളവരോട്: ഇവനും നസറായനായ യേശുവിനോടുകൂടെയായിരുന്നു എന്നു പറഞ്ഞു.

മത്തായി 26:72

ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.

മത്തായി 26:73

അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തു വന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.

മത്തായി 26:74

അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.

മത്തായി 26:75

എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓർത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.