മത്തായി - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 50 വരെ

മത്തായി 12:1

ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽക്കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് കതിർ പറിച്ച് തിന്നുതുടങ്ങി.

മത്തായി 12:2

പരീശർ അതു കണ്ടിട്ട്: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു.

മത്തായി 12:3

അവൻ അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്ത്?

മത്തായി 12:4

അവൻ ദൈവാലയത്തിൽ ചെന്ന് പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?

മത്തായി 12:5

അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?

മത്തായി 12:6

എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 12:7

യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.

മത്തായി 12:8

മനുഷ്യപുത്രനോ ശബ്ബത്തിനു കർത്താവാകുന്നു.

മത്തായി 12:9

അവൻ അവിടം വിട്ട് അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.

മത്തായി 12:10

അവർ അവനിൽ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തിൽ സൗഖ്യമാക്കുന്നത് വിഹിതമോ എന്ന് അവനോടു ചോദിച്ചു.

മത്തായി 12:11

അവൻ അവരോട്: നിങ്ങളിൽ ഒരുത്തന് ഒരു ആടുണ്ട് എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?

മത്തായി 12:12

എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു.

മത്തായി 12:13

പിന്നെ ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി.

മത്തായി 12:14

പരീശന്മാരോ പുറപ്പെട്ട് അവനെ നശിപ്പിപ്പാൻവേണ്ടി അവനു വിരോധമായി തമ്മിൽ ആലോചിച്ചു.

മത്തായി 12:15

യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി,

മത്തായി 12:16

തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോട് ആജ്ഞാപിച്ചു.

മത്തായി 12:17

“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വയ്ക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.

മത്തായി 12:18

അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.

മത്തായി 12:19

ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.

മത്തായി 12:20

അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കും”

മത്തായി 12:21

എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതി വന്നു.

മത്തായി 12:22

അനന്തരം ചിലർ കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി.

മത്തായി 12:23

പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു.

മത്തായി 12:24

അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.

മത്തായി 12:25

അവൻ അവരുടെ നിരൂപണം അറിഞ്ഞ് അവരോടു പറഞ്ഞത്: ഒരു രാജ്യം തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;

മത്തായി 12:26

ഒരു പട്ടണമോ ഗൃഹമോ തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?

മത്തായി 12:27

ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും.

മത്തായി 12:28

ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.

മത്തായി 12:29

ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.

മത്തായി 12:30

എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

മത്തായി 12:31

അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല.

മത്തായി 12:32

ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.

മത്തായി 12:33

ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വയ്പിൻ; ഫലംകൊണ്ടല്ലോ വൃക്ഷം അറിയുന്നത്.

മത്തായി 12:34

സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്.

മത്തായി 12:35

നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർനിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.

മത്തായി 12:36

എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

മത്തായി 12:37

നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.

മത്തായി 12:38

അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തു കാൺമാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.

മത്തായി 12:39

അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല.

മത്തായി 12:40

യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.

മത്തായി 12:41

നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനായിലും വലിയവൻ.

മത്തായി 12:42

തെക്കേ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.

മത്തായി 12:43

അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽക്കൂടി തണുപ്പ് അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.

മത്തായി 12:44

ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; ഉടനെ വന്ന്, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.

മത്തായി 12:45

പിന്നെ അവൻ പുറപ്പെട്ട്, തന്നിലും ദുഷ്ടതയേറിയ വേറേ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.

മത്തായി 12:46

അവൻ പുരുഷാരത്തോടു സംസാരിച്ചുകൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.

മത്തായി 12:47

ഒരുത്തൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.

മത്തായി 12:48

അതു പറഞ്ഞവനോട് അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു.

മത്തായി 12:49

ശിഷ്യന്മാരുടെ നേരേ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

മത്തായി 12:50

സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.