മത്തായി - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

മത്തായി 16:1

അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്ന് ഒരു അടയാളം കാണിച്ചുതരേണമെന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു.

മത്തായി 16:2

അവരോട് അവൻ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നു കണ്ടാൽ നല്ല തെളിവാകും എന്നും

മത്തായി 16:3

രാവിലെ ആകാശം മൂടി ചുവന്നു കണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?

മത്തായി 16:4

ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനായുടെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല; പിന്നെ അവൻ അവരെ വിട്ടുപോയി.

മത്തായി 16:5

ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി.

മത്തായി 16:6

എന്നാൽ യേശു അവരോടു: നോക്കുവിൻ; പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊൾവിൻ എന്നു പറഞ്ഞു.

മത്തായി 16:7

അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു.

മത്തായി 16:8

അത് അറിഞ്ഞിട്ടു യേശു പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നത് എന്ത്?

മത്തായി 16:9

ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്ക് അഞ്ച് അപ്പം കൊടുത്തിട്ട് എത്ര കുട്ട എടുത്തു എന്നും

മത്തായി 16:10

നാലായിരം പേർക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ?

മത്തായി 16:11

പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞത് അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്?

മത്തായി 16:12

അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ അവൻ പറഞ്ഞു എന്ന് അവർ ഗ്രഹിച്ചു.

മത്തായി 16:13

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്റെ ശിഷ്യന്മാരോട്: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.

മത്തായി 16:14

ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു.

മത്തായി 16:15

നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്:

മത്തായി 16:16

നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു.

മത്തായി 16:17

യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്.

മത്തായി 16:18

നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

മത്തായി 16:19

സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതൊക്കെയും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗത്തിൽ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു.

മത്തായി 16:20

പിന്നെ താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.

മത്തായി 16:21

അന്നുമുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ട്, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണ്ടത് എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചുതുടങ്ങി.

മത്തായി 16:22

പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അത് അരുതേ; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.

മത്തായി 16:23

അവനോ തിരിഞ്ഞു പത്രൊസിനോട്: സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്ക് ഇടർച്ചയാകുന്നു; നീ ദൈവത്തിൻറേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു.

മത്തായി 16:24

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.

മത്തായി 16:25

ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.

മത്തായി 16:26

ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?

മത്തായി 16:27

മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.

മത്തായി 16:28

മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.