മത്തായി - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

മത്തായി 1:1

അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:

മത്തായി 1:2

അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദായെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;

മത്തായി 1:3

യെഹൂദാ താമാറിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു;

മത്തായി 1:4

ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;

മത്തായി 1:5

ശല്മോൻ രഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;

മത്തായി 1:6

യിശ്ശായി ദാവീദുരാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;

മത്തായി 1:7

ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസായെ ജനിപ്പിച്ചു;

മത്തായി 1:8

ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;

മത്തായി 1:9

ഉസ്സീയാവ് യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു;

മത്തായി 1:10

ഹിസ്കീയാവ് മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെ ജനിപ്പിച്ചു;

മത്തായി 1:11

യോശീയാവ് യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.

മത്തായി 1:12

ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവ് ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു;

മത്തായി 1:13

സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.

മത്തായി 1:14

ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;

മത്തായി 1:15

എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.

മത്തായി 1:16

യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

മത്തായി 1:17

ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദ്മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

മത്തായി 1:18

എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.

മത്തായി 1:19

അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.

മത്തായി 1:20

ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.

മത്തായി 1:21

അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.

മത്തായി 1:22

“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”

മത്തായി 1:23

എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.

മത്തായി 1:24

യോസേഫ് ഉറക്കം ഉണർന്നു, കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു.

മത്തായി 1:25

മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന് അവൻ യേശു എന്നു പേർ വിളിച്ചു.