അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്ക് അധികാരം കൊടുത്തു.
പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരാവിത്: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ,
ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി,
ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
ഈ പന്ത്രണ്ടു പേരെയും യേശു അയയ്ക്കുമ്പോൾ അവരോട് ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും
യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽതന്നെ ചെല്ലുവിൻ.
നിങ്ങൾ പോകുമ്പോൾ: സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.
മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
വഴിക്കു പൊക്കണവും രണ്ടുടുപ്പും ചെരിപ്പും വടിയും കരുതരുത്; വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ.
ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്ന് അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടെത്തന്നെ പാർപ്പിൻ.
ആ വീട്ടിൽ ചെല്ലുമ്പോൾ അതിന് വന്ദനം പറവിൻ.
വീട്ടിനു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.
ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടെയും ഗമോര്യരുടെയും ദേശത്തിനു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽ വച്ച് ചമ്മട്ടികൊണ്ട് അടിക്കയും
എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടൂ എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളത് ആ നാഴികയിൽ തന്നെ നിങ്ങൾക്കു ലഭിക്കും.
പറയുന്നത് നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽപട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനനു മീതെയുമല്ല;
ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നത് ദാസനും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.
ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്ത് പറവിൻ; ചെവിയിൽ പറഞ്ഞു കേൾക്കുന്നത് പുരമുകളിൽനിന്നു ഘോഷിപ്പിൻ.
ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ.
കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും.
മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.
ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്.
മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്.
മനുഷ്യന്റെ വീട്ടുകാർ തന്നെ അവന്റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല;
എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും.
ശിഷ്യൻ എന്നുവച്ച് ഈ ചെറിയവരിൽ ഒരുത്തന് ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.