ഹോശേയ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

ഹോശേയ 5:1

പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പായ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കകൊണ്ട് ന്യായവിധി നിങ്ങൾക്കു വരുന്നു.

ഹോശേയ 5:2

മത്സരികൾ വഷളത്തത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവർക്ക് ഏവർക്കും ഒരു ശാസകൻ ആകുന്നു.

ഹോശേയ 5:3

ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.

ഹോശേയ 5:4

അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന് അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവർ യഹോവയെ അറിയുന്നതുമില്ല.

ഹോശേയ 5:5

യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദായും അവരോടുകൂടെ ഇടറിവീഴും.

ഹോശേയ 5:6

യഹോവയെ അന്വേഷിക്കേണ്ടതിന് അവർ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.

ഹോശേയ 5:7

അവർ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ട് അവർ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസി അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.

ഹോശേയ 5:8

ഗിബെയയിൽ കാഹളവും രാമായിൽ തൂര്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.

ഹോശേയ 5:9

ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാൻ യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.

ഹോശേയ 5:10

യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.

ഹോശേയ 5:11

എഫ്രയീമിന് മാനുഷകല്പന അനുസരിച്ചു നടപ്പാൻ ഇഷ്ടം തോന്നിയതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.

ഹോശേയ 5:12

അതുകൊണ്ടു ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും.

ഹോശേയ 5:13

എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽ ചെന്ന് യുദ്ധതൽപരനായ രാജാവിന്റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവനു കഴിഞ്ഞില്ല.

ഹോശേയ 5:14

ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻതന്നെ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചുകൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.

ഹോശേയ 5:15

അവർ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്ത് ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.