ഹോശേയ - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 11 വരെ

ഹോശേയ 6:1

വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൗഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും.

ഹോശേയ 6:2

രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.

ഹോശേയ 6:3

നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവൻ മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.

ഹോശേയ 6:4

എഫ്രയീമേ, ഞാൻ നിനക്ക് എന്തു ചെയ്യേണ്ടൂ? യെഹൂദായേ, ഞാൻ നിനക്ക് എന്തു ചെയ്യേണ്ടൂ? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചയ്ക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.

ഹോശേയ 6:5

അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.

ഹോശേയ 6:6

യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.

ഹോശേയ 6:7

എന്നാൽ അവർ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവർ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.

ഹോശേയ 6:8

ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ട് മലിനമായിരിക്കുന്നു.

ഹോശേയ 6:9

പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവർ ദുഷ്കർമം ചെയ്യുന്നു.

ഹോശേയ 6:10

യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗംചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.

ഹോശേയ 6:11

യെഹൂദായേ, ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, നിനക്കും ഒരു കൊയ്ത്തു വച്ചിരിക്കുന്നു.