ഹോശേയ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 16 വരെ

ഹോശേയ 13:1

എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികച്ചവനായിരുന്നു; എന്നാൽ ബാൽ മുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.

ഹോശേയ 13:2

ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ട് ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൗശലപ്പണിക്കാരുടെ പണിയത്രേ; അവയോട് അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.

ഹോശേയ 13:3

അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.

ഹോശേയ 13:4

ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;

ഹോശേയ 13:5

ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നെ നിന്നെ മേയിച്ചു.

ഹോശേയ 13:6

അവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു.

ഹോശേയ 13:7

ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;

ഹോശേയ 13:8

കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ട് അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവച്ച് ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.

ഹോശേയ 13:9

യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നത് നിന്റെ നാശം ആകുന്നു.

ഹോശേയ 13:10

നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവ് ഇപ്പോൾ എവിടെ? എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ?

ഹോശേയ 13:11

എന്റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.

ഹോശേയ 13:12

എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു.

ഹോശേയ 13:13

നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല.

ഹോശേയ 13:14

ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.

ഹോശേയ 13:15

അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്‍ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവൻ സകല മനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നു കൊണ്ടുപോകും.

ഹോശേയ 13:16

ശമര്യ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ട് അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.