ഹോശേയ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

ഹോശേയ 12:1

എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ട് കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വർധിപ്പിക്കുന്നു; അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.

ഹോശേയ 12:2

യഹോവയ്ക്കു യെഹൂദായോടും ഒരു വ്യവഹാരം ഉണ്ട്; അവൻ യാക്കോബിനെ അവന്റെ നടപ്പിനു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവനു പകരം കൊടുക്കും.

ഹോശേയ 12:3

അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.

ഹോശേയ 12:4

അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് അവനെ കണ്ടെത്തി, അവിടെവച്ച് അവൻ നമ്മോടു സംസാരിച്ചു.

ഹോശേയ 12:5

യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്ന് ആകുന്നു അവന്റെ നാമം.

ഹോശേയ 12:6

അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ നിന്റെ ദൈവത്തിനായി കാത്തുകൊണ്ടിരിക്ക.

ഹോശേയ 12:7

അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്റെ കൈയിൽ ഉണ്ട്; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.

ഹോശേയ 12:8

എന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായിത്തീർന്നു, എനിക്ക് ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.

ഹോശേയ 12:9

ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്ന പോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.

ഹോശേയ 12:10

ഞാൻ പ്രവാചകന്മാരോടു സംസാരിച്ച് ദർശനങ്ങളെ വർധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.

ഹോശേയ 12:11

ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർഥരായിത്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽക്കൂമ്പാരങ്ങൾപോലെ ആകും.

ഹോശേയ 12:12

യാക്കോബ് അരാംദേശത്തിലേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു.

ഹോശേയ 12:13

യഹോവ ഒരു പ്രവാചകൻ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു.

ഹോശേയ 12:14

എഫ്രയീം അവനെ ഏറ്റവും കയ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവ് അവന്റെ രക്തത്തെ അവന്റെമേൽ വച്ചേക്കുകയും അവന്റെ നിന്ദയ്ക്ക് തക്കവണ്ണം അവനു പകരം കൊടുക്കയും ചെയ്യും.