ഹഗ്ഗായി - 2 -ാം അധ്യായം

12

വാക്യങ്ങൾ 1 നിന്ന് 23 വരെ

ഹഗ്ഗായി 2:1

ഏഴാം മാസം ഇരുപത്തൊന്നാം തീയതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

ഹഗ്ഗായി 2:2

നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:

ഹഗ്ഗായി 2:3

നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്ത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്ക് എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?

ഹഗ്ഗായി 2:4

ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാട്; മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകല ജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

ഹഗ്ഗായി 2:5

നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവ് നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.

ഹഗ്ഗായി 2:6

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.

ഹഗ്ഗായി 2:7

ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

ഹഗ്ഗായി 2:8

വെള്ളി എനിക്കുള്ളത്, പൊന്നും എനിക്കുള്ളത് എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

ഹഗ്ഗായി 2:9

ഈ ആലയത്തിന്റെ പിന്നത്തെ മഹത്ത്വം മുമ്പിലത്തേതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

ഹഗ്ഗായി 2:10

ദാര്യാവേശിന്റെ രണ്ടാം ആണ്ട്, ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

ഹഗ്ഗായി 2:11

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാൽ:

ഹഗ്ഗായി 2:12

ഒരുത്തൻ തന്റെ വസ്ത്രത്തിന്റെ കോന്തലയ്ക്കൽ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ട് അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ? അതിനു പുരോഹിതന്മാർ ഇല്ല എന്നുത്തരം പറഞ്ഞു.

ഹഗ്ഗായി 2:13

എന്നാൽ ഹഗ്ഗായി: ശവത്താൽ അശുദ്ധനായ ഒരുത്തൻ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അത് അശുദ്ധമാകുമോ എന്നു ചോദിച്ചതിന്: അത് അശുദ്ധമാകും എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.

ഹഗ്ഗായി 2:14

അതിനു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാൽ: അങ്ങനെ തന്നെ ഈ ജനവും, അങ്ങനെതന്നെ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നെ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം അത്രേ.

ഹഗ്ഗായി 2:15

ആകയാൽ നിങ്ങൾ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വച്ചതിനു മുമ്പുള്ളകാലം വിചാരിച്ചുകൊൾവിൻ.

ഹഗ്ഗായി 2:16

ആ കാലത്ത് ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളൂ; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളൂ.

ഹഗ്ഗായി 2:17

വെൺകതിരും വിഷമഞ്ഞും കന്മഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.

ഹഗ്ഗായി 2:18

നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്‍ടിവയ്ക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതിമുതൽ, യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നെ ദൃഷ്‍ടിവയ്ക്കുവിൻ.

ഹഗ്ഗായി 2:19

വിത്ത് ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.

ഹഗ്ഗായി 2:20

ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:

ഹഗ്ഗായി 2:21

നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടത്: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.

ഹഗ്ഗായി 2:22

ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തുകയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.

ഹഗ്ഗായി 2:23

അന്നാളിൽ- സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്- എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.