സെഖര്യാവ് - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

സെഖര്യാവ് 1:1

ദാര്യാവേശിന്റെ രണ്ടാം ആണ്ട് എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

സെഖര്യാവ് 1:2

യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു.

സെഖര്യാവ് 1:3

ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

സെഖര്യാവ് 1:4

നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവിതരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.

സെഖര്യാവ് 1:5

നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?

സെഖര്യാവ് 1:6

എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നു പിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നെ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?

സെഖര്യാവ് 1:7

ദാര്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത്മാസമായ പതിനൊന്നാം മാസം, ഇരുപത്തിനാലാം തീയതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

സെഖര്യാവ് 1:8

ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെൺമയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.

സെഖര്യാവ് 1:9

യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന് എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്ന് എന്നോടു പറഞ്ഞു.

സെഖര്യാവ് 1:10

എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവർ തന്നെ എന്ന് ഉത്തരം പറഞ്ഞു.

സെഖര്യാവ് 1:11

അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്ന് ഉത്തരം പറഞ്ഞു.

സെഖര്യാവ് 1:12

എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രുദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.

സെഖര്യാവ് 1:13

അതിനു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.

സെഖര്യാവ് 1:14

എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞത്: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിനും സീയോനുംവേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു.

സെഖര്യാവ് 1:15

ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു.

സെഖര്യാവ് 1:16

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

സെഖര്യാവ് 1:17

നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.

സെഖര്യാവ് 1:18

ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.

സെഖര്യാവ് 1:19

എന്നോടു സംസാരിക്കുന്ന ദൂതനോട്: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ എന്നോട്: ഇവ യെഹൂദായെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്ന് ഉത്തരം പറഞ്ഞു.

സെഖര്യാവ് 1:20

യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു.

സെഖര്യാവ് 1:21

ഇവർ എന്തു ചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദായെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ട് അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.