അന്നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും.
അന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഓർക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാട്.
ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: യഹോവയുടെ നാമത്തിൽ ഭോഷ്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കയിൽ തന്നെ അവനെ കുത്തിക്കളകയും ചെയ്യും.
അന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഓരോരുത്തൻ താന്താന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന് അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽതന്നെ ഒരാൾ എന്നെ വിലയ്ക്കു മേടിച്ചിരിക്കുന്നു എന്ന് അവൻ പറയും.
എന്നാൽ അവനോട്: നിന്റെ കൈയിൽ കാണുന്ന ഈ മുറിവുകൾ എന്ത് എന്നു ചോദിക്കുന്നതിന് അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ചു ഞാൻ അടികൊണ്ടതാകുന്നു എന്ന് ഉത്തരം പറയും.
വാളേ, എന്റെ ഇടയന്റെ നേരേയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരേയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരേ കൈ തിരിക്കും.
എന്നാൽ സർവദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധന കഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്ന് അവരും പറയും.