പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്.
ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകല ജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദായ്ക്കും വരും.
അന്നാളിൽ ഞാൻ യെരൂശലേമിനെ സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകല ജാതികളും അതിനു വിരോധമായി കൂടിവരും.
അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധത പിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാട്.
അപ്പോൾ യെഹൂദാമേധാവികൾ: യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തിൽ പറയും.
അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകല ജാതികളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും.
ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദായുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
അന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
അന്നാളിൽ ഞാൻ യെരൂശലേമിന്റെ നേരേ വരുന്ന സകല ജാതികളെയും നശിപ്പിപ്പാൻ നോക്കും.
ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.
അന്നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.
ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയികുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.