ഉത്തമഗീതം - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

ഉത്തമഗീതം 7:1

മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ; മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാൺമാൻ ആഗ്രഹിക്കുന്നത് എന്തിന്?

ഉത്തമഗീതം 7:2

പ്രഭുകുമാരീ, ചെരുപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! നിന്റെ ഉരുണ്ട നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.

ഉത്തമഗീതം 7:3

നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.

ഉത്തമഗീതം 7:4

നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.

ഉത്തമഗീതം 7:5

നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലെ കുളങ്ങളെപ്പോലെയും നിന്റെ മൂക്ക് ദമ്മേശെക്കിനു നേരേയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.

ഉത്തമഗീതം 7:6

നിന്റെ ശിരസ്സ് കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരം പോലെയും ഇരിക്കുന്നു; രാജാവ് നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.

ഉത്തമഗീതം 7:7

പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!

ഉത്തമഗീതം 7:8

നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!

ഉത്തമഗീതം 7:9

ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞ്.

ഉത്തമഗീതം 7:10

അത് എന്റെ പ്രിയനു മൃദുപാനമായി അധരത്തിലും പല്ലിലുംകൂടി കടക്കുന്നതും ആകുന്നു.

ഉത്തമഗീതം 7:11

ഞാൻ എന്റെ പ്രിയനുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.

ഉത്തമഗീതം 7:12

പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം.

ഉത്തമഗീതം 7:13

അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.

ഉത്തമഗീതം 7:14

ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതിൽക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്; എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.