ഉത്തമഗീതം - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

ഉത്തമഗീതം 8:1

നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.

ഉത്തമഗീതം 8:2

നീ എനിക്ക് ഉപദേശം തരേണ്ടതിനു ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്കു കുടിപ്പാൻ തരുമായിരുന്നു.

ഉത്തമഗീതം 8:3

അവന്റെ ഇടംകൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ; അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.

ഉത്തമഗീതം 8:4

യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത് എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.

ഉത്തമഗീതം 8:5

മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെമേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ചു ഞാൻ നിന്നെ ഉണർത്തി; അവിടെ വച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെ വച്ചല്ലോ നിന്നെ പെറ്റവൾക്ക് ഈറ്റുനോവു കിട്ടിയത്.

ഉത്തമഗീതം 8:6

എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.

ഉത്തമഗീതം 8:7

ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.

ഉത്തമഗീതം 8:8

നമുക്ക് ഒരു ചെറിയ പെങ്ങൾ ഉണ്ട്; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്ന നാളിൽ നാം അവൾക്കുവേണ്ടി എന്തു ചെയ്യും?

ഉത്തമഗീതം 8:9

അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.

ഉത്തമഗീതം 8:10

ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്നു ഞാൻ അവന്റെ ദൃഷ്‍ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.

ഉത്തമഗീതം 8:11

ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ട്, ഓരോരുത്തൻ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.

ഉത്തമഗീതം 8:12

എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ.

ഉത്തമഗീതം 8:13

ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ചു കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കേണമേ.

ഉത്തമഗീതം 8:14

എന്റെ പ്രിയാ, നീ പരിമളപർവതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.