നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ട്, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിൻ.
അവർ എന്റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകല സഭകളുംകൂടെ നന്ദി പറയുന്നു.
അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിൻ; ആസ്യയിൽ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിൻ.
നിങ്ങൾക്കായി വളരെ അധ്വാനിച്ചവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിൻ.
എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെയിടയിൽ പേർകൊണ്ടവരും എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ. ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനും
എനിക്കു പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിൻ.
ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിനു വന്ദനം ചൊല്ലുവിൻ. അരിസ്തോബൂലൊസിന്റെ ഭവനക്കാർക്ക് വന്ദനം ചൊല്ലുവിൻ.
എന്റെ ചാർച്ചക്കാരനായ ഹെരോദിയോനു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.
കർത്താവിൽ അധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അധ്വാനിച്ചവളായ പ്രിയ പെർസിസിനു വന്ദനം ചൊല്ലുവിൻ.
കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ.
അസുംക്രിതൊസിനും പെനുഗോനും ഹെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിൻ. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ.
അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെ വയറ്റിനെ അത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മയ്ക്കു ജ്ഞാനികളും തിന്മയ്ക്ക് അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
എനിക്കും സർവസഭയ്ക്കും അതിഥിസല്ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
പൂർവകാലങ്ങളിൽ മറഞ്ഞിരുന്നിട്ട് ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകല ജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി
പ്രവാചകന്മാരുടെ എഴുത്തുകളാൽ അറിയിച്ചിരിക്കുന്നതുമായ മർമത്തിന്റെ വെളിപ്പാടിന് അനുസരണമായുള്ള എന്റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന
ഏകജ്ഞാനിയായ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.