റോമർ - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

റോമർ 9:1

ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല;

റോമർ 9:2

എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട് എന്ന് എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.

റോമർ 9:3

ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കുവേണ്ടി ഞാൻതന്നെ ക്രിസ്തുവിനോടു വേർവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.

റോമർ 9:4

അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ;

റോമർ 9:5

പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.

റോമർ 9:6

ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉദ്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും

റോമർ 9:7

അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളൂ.

റോമർ 9:8

അതിന്റെ അർഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു.

റോമർ 9:9

“ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.

റോമർ 9:10

അത്രയുമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാൽ ഗർഭം ധരിച്ചു,

റോമർ 9:11

കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ” ദോഷമാകട്ടെ” ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന്:

റോമർ 9:12

“മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു.

റോമർ 9:13

“ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.

റോമർ 9:14

ആകയാൽ നാം എന്തു പറയേണ്ടൂ? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.

റോമർ 9:15

“എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും” എന്ന് അവൻ മോശെയോട് അരുളിച്ചെയ്യുന്നു.

റോമർ 9:16

അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്.

റോമർ 9:17

“ഇതിനായിട്ടുതന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു.

റോമർ 9:18

അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.

റോമർ 9:19

ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.

റോമർ 9:20

അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?

റോമർ 9:21

അല്ല, കുശവന് അതേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?

റോമർ 9:22

എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും

റോമർ 9:23

യെഹൂദന്മാരിൽനിന്നു മാത്രമല്ല; ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ;

റോമർ 9:24

തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?

റോമർ 9:25

“എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും.

റോമർ 9:26

നിങ്ങൾ എന്റെ ജനമല്ല എന്ന് അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.

റോമർ 9:27

യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽമക്കളുടെ എണ്ണം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.

റോമർ 9:28

കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ച് ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചുപറയുന്നു.

റോമർ 9:29

“സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

റോമർ 9:30

ആകയാൽ നാം എന്തു പറയേണ്ടൂ? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു,

റോമർ 9:31

വിശ്വാസത്താലുള്ള നീതിതന്നെ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.

റോമർ 9:32

അതെന്തുകൊണ്ട്? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടുതന്നെ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:

റോമർ 9:33

“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽപാറയും വയ്ക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്ന് എഴുതിയിരിക്കുന്നുവല്ലോ.