റോമർ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 14 വരെ

റോമർ 13:1

ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.

റോമർ 13:2

ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.

റോമർ 13:3

വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മ ചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.

റോമർ 13:4

നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതേ അല്ല അവൻ വാൾ വഹിക്കുന്നത്; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻതന്നെ.

റോമർ 13:5

അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

റോമർ 13:6

അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നെ നോക്കുന്നവരുമാകുന്നു.

റോമർ 13:7

എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവനു നികുതി; ചുങ്കം കൊടുക്കേണ്ടവനു ചുങ്കം; ഭയം കാണിക്കേണ്ടവനു ഭയം; മാനം കാണിക്കേണ്ടവനു മാനം.

റോമർ 13:8

അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.

റോമർ 13:9

വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നുള്ളതും മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.

റോമർ 13:10

സ്നേഹം കൂട്ടുകാരനു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിതന്നെ.

റോമർ 13:11

ഇതു ചെയ്യേണ്ടത് ഉറക്കത്തിൽനിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽതന്നെ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്ക് അധികം അടുത്തിരിക്കുന്നു.

റോമർ 13:12

രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗം ധരിച്ചുകൊൾക.

റോമർ 13:13

പകൽസമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലും അല്ല,

റോമർ 13:14

കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്.