റോമർ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

റോമർ 3:1

എന്നാൽ യെഹൂദന് എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്;

റോമർ 3:2

ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതുതന്നെ.

റോമർ 3:3

ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ?

റോമർ 3:4

ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.

റോമർ 3:5

എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? -ഞാൻ മാനുഷരീതിയിൽ പറയുന്നു- ഒരുനാളുമല്ല;

റോമർ 3:6

അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?

റോമർ 3:7

ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്ത്വത്തിനായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്?

റോമർ 3:8

നല്ലതു വരേണ്ടതിനു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതുതന്നെ.

റോമർ 3:9

ആകയാൽ എന്ത്? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻകീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ;

റോമർ 3:10

“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.

റോമർ 3:11

ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

റോമർ 3:12

എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല.

റോമർ 3:13

അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ട്.

റോമർ 3:14

അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു.

റോമർ 3:15

അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.

റോമർ 3:16

നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്.

റോമർ 3:17

സമാധാനമാർഗം അവർ അറിഞ്ഞിട്ടില്ല.

റോമർ 3:18

അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.

റോമർ 3:19

ന്യായപ്രമാണം പറയുന്നത് എല്ലാം ന്യായപ്രമാണത്തിൻകീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

റോമർ 3:20

അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നത്.

റോമർ 3:21

ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

റോമർ 3:22

അതിനു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

റോമർ 3:23

ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു,

റോമർ 3:24

അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.

റോമർ 3:25

വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,

റോമർ 3:26

താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻതന്നെ അങ്ങനെ ചെയ്തത്.

റോമർ 3:27

ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗത്താൽ? കർമമാർഗത്താലോ? അല്ല, വിശ്വാസമാർഗത്താലത്രേ.

റോമർ 3:28

അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

റോമർ 3:29

അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

റോമർ 3:30

ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമികളെയും നീതീകരിക്കുന്നു.

റോമർ 3:31

ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.