എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴു നക്ഷത്രം വലംകൈയിൽ പിടിച്ചുംകൊണ്ട് ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്:
ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും,
നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നു പോകാഞ്ഞതും ഞാൻ അറിയുന്നു.
എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്.
നീ ഏതിൽനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്ക് അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.
എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകയ്ക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്.
അത് ഞാനും പകയ്ക്കുന്നു. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.
സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്:
ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും -നീ ധനവാനാകുന്നുതാനും- തങ്ങൾ യെഹൂദർ എന്നു പറയുന്നെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.
നീ സഹിപ്പാനുള്ളത് പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്ക് ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.
ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവനു രണ്ടാം മരണത്താൽ ദോഷം വരികയില്ല.
പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്:
നീ എവിടെ പാർക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തുതന്നെ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ട്; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ ഇടർച്ച വയ്പാൻ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്.
അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ട്.
ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്ന് എന്റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും.
ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവനു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.
തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണും വെള്ളോട്ടിനു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്:
ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.
എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പ് ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ട്.
ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പു വിട്ടു മാനസാന്തരപ്പെടുവാൻ അവൾക്ക് മനസ്സില്ല.
ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും.
അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്ന് സകല സഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്ക് ഏവർക്കും പകരം ചെയ്യും.
എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോട്: വേറൊരു ഭാരം ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല;
എങ്കിലും നിങ്ങൾക്കുള്ളത് ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്ന് ഞാൻ കല്പിക്കുന്നു.
ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന് എന്റെ പിതാവ് എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും.
അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾ പോലെ നുറുങ്ങിപ്പോകും.
ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.
ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.