വെളിപ്പാട് - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 11 വരെ

വെളിപ്പാട് 4:1

അനന്തരം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നത് ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളത് ഞാൻ നിനക്ക് കാണിച്ചുതരാം എന്നു കല്പിച്ചു.

വെളിപ്പാട് 4:2

ഉടനെ ഞാൻ ആത്മവിവശനായി സ്വർഗത്തിൽ ഒരു സിംഹാസനം വച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.

വെളിപ്പാട് 4:3

ഇരിക്കുന്നവൻ കാഴ്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചയ്ക്കു മരതകത്തോടു സദൃശമായൊരു പച്ചവില്ല്;

വെളിപ്പാട് 4:4

സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാലു സിംഹാസനം; വെള്ളയുടുപ്പ് ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം;

വെളിപ്പാട് 4:5

സിംഹാസനത്തിൽനിന്നും മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു;

വെളിപ്പാട് 4:6

സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിനൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവയ്ക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.

വെളിപ്പാട് 4:7

ഒന്നാം ജീവി സിംഹത്തിനു സദൃശം; രണ്ടാം ജീവി കാളയ്ക്കു സദൃശം; മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകിനു സദൃശം.

വെളിപ്പാട് 4:8

നാലു ജീവികളും ഓരോന്നിനും ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണ് നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.

വെളിപ്പാട് 4:9

എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും,

വെളിപ്പാട് 4:10

ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:

വെളിപ്പാട് 4:11

കർത്താവേ, നീ സർവവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ ഇടും.