വെളിപ്പാട് - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

വെളിപ്പാട് 15:1

ഞാൻ വലുതും അദ്ഭുതവുമായ മറ്റൊരു അടയാളം സ്വർഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെത്തന്നെ; അതോടുകൂടെ ദൈവക്രോധം തീർന്നു.

വെളിപ്പാട് 15:2

തീ കലർന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിനരികെ നില്ക്കുന്നതും ഞാൻ കണ്ടു.

വെളിപ്പാട് 15:3

അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയത്: സർവശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അദ്ഭുതവുമായവ; സർവജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ.

വെളിപ്പാട് 15:4

കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്ത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.

വെളിപ്പാട് 15:5

ഇതിന്റെശേഷം സ്വർഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാൻ കണ്ടു.

വെളിപ്പാട് 15:6

ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തിൽനിന്നു പുറപ്പെട്ടുവന്നു.

വെളിപ്പാട് 15:7

അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാർക്കു കൊടുത്തു.

വെളിപ്പാട് 15:8

ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തിൽ കടപ്പാൻ ആർക്കും കഴിഞ്ഞില്ല.