ലൂക്കൊസ് - 20 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 47 വരെ

ലൂക്കൊസ് 20:1

ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ദൈവാലയത്തിൽ ജനത്തോട് ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്:

ലൂക്കൊസ് 20:2

നീ എന്ത് അധികാരംകൊണ്ട് ഇത് ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നത് ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.

ലൂക്കൊസ് 20:3

അതിന് ഉത്തരമായി അവൻ: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ.

ലൂക്കൊസ് 20:4

യോഹന്നാന്റെ സ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു.

ലൂക്കൊസ് 20:5

അവർ തമ്മിൽ നിരൂപിച്ചു: സ്വർഗത്തിൽനിന്ന് എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവൻ ചോദിക്കും.

ലൂക്കൊസ് 20:6

മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ, ജനമൊക്കെയും യോഹന്നാൻ ഒരു പ്രവാചകൻ എന്ന് ഉറച്ചിരിക്കകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്:

ലൂക്കൊസ് 20:7

എവിടെനിന്നോ ഞങ്ങൾ അറിയുന്നില്ല എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 20:8

യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.

ലൂക്കൊസ് 20:9

അനന്തരം അവൻ ജനത്തോട് ഉപമ പറഞ്ഞതെന്തെന്നാൽ: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് ഏറിയകാലം പരദേശത്തു പോയി പാർത്തു.

ലൂക്കൊസ് 20:10

സമയമായപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതേ അയച്ചുകളഞ്ഞു.

ലൂക്കൊസ് 20:11

അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതേ അയച്ചുകളഞ്ഞു.

ലൂക്കൊസ് 20:12

അവൻ മൂന്നാമത് ഒരുത്തനെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.

ലൂക്കൊസ് 20:13

അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടൂ? എന്റെ പ്രിയപുത്രനെ അയയ്ക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു.

ലൂക്കൊസ് 20:14

കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി; അവകാശം നമുക്ക് ആകേണ്ടതിന് നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചുപറഞ്ഞു.

ലൂക്കൊസ് 20:15

അവർ അവനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും?

ലൂക്കൊസ് 20:16

അവൻ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്ക് ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ട് അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.

ലൂക്കൊസ് 20:17

അവനോ അവരെ നോക്കി: “എന്നാൽ വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്?

ലൂക്കൊസ് 20:18

ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.

ലൂക്കൊസ് 20:19

ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ട് ആ നാഴികയിൽതന്നെ അവന്റെമേൽ കൈ വയ്പാൻ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.

ലൂക്കൊസ് 20:20

പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാൻ തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.

ലൂക്കൊസ് 20:21

അവർ അവനോട്: ഗുരോ, നീ നേർ പറഞ്ഞ് ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.

ലൂക്കൊസ് 20:22

നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.

ലൂക്കൊസ് 20:23

അവരുടെ ഉപായം ഗ്രഹിച്ചിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിപ്പിൻ;

ലൂക്കൊസ് 20:24

അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്ന് അവർ പറഞ്ഞു.

ലൂക്കൊസ് 20:25

എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോട് പറഞ്ഞു.

ലൂക്കൊസ് 20:26

അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

ലൂക്കൊസ് 20:27

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്:

ലൂക്കൊസ് 20:28

ഗുരോ, ഒരുത്തന്റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.

ലൂക്കൊസ് 20:29

എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.

ലൂക്കൊസ് 20:30

രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.

ലൂക്കൊസ് 20:31

അവ്വണ്ണം ഏഴു പേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.

ലൂക്കൊസ് 20:32

ഒടുവിൽ സ്ത്രീയും മരിച്ചു.

ലൂക്കൊസ് 20:33

എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവനു ഭാര്യയാകും? എഴുവർക്കും ഭാര്യയായിരുന്നുവല്ലോ.

ലൂക്കൊസ് 20:34

അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിനു കൊടുക്കയും ചെയ്യുന്നു.

ലൂക്കൊസ് 20:35

എങ്കിലും ആ ലോകത്തിനും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിപ്പാനും കഴികയില്ല.

ലൂക്കൊസ് 20:36

അവർ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.

ലൂക്കൊസ് 20:37

മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.

ലൂക്കൊസ് 20:38

ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ.

ലൂക്കൊസ് 20:39

അതിനു ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞത് ശരി എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 20:40

പിന്നെ അവനോട് ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.

ലൂക്കൊസ് 20:41

എന്നാൽ അവൻ അവരോട്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ?

ലൂക്കൊസ് 20:42

“കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തു ഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു”

ലൂക്കൊസ് 20:43

എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നെ പറയുന്നുവല്ലോ.

ലൂക്കൊസ് 20:44

ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.

ലൂക്കൊസ് 20:45

എന്നാൽ ജനമൊക്കെയും കേൾക്കെ അവൻ തന്റെ ശിഷ്യന്മാരോട്:

ലൂക്കൊസ് 20:46

നിലയങ്കികളോടെ നടപ്പാൻ ഇച്ഛിക്കയും അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.

ലൂക്കൊസ് 20:47

അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർഥിക്കയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.