ലൂക്കൊസ് - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 32 വരെ

ലൂക്കൊസ് 15:1

ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു.

ലൂക്കൊസ് 15:2

ഇവൻ പാപികളെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.

ലൂക്കൊസ് 15:3

അവരോട് അവൻ ഈ ഉപമ പറഞ്ഞു:

ലൂക്കൊസ് 15:4

നിങ്ങളിൽ ഒരു ആൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?

ലൂക്കൊസ് 15:5

കണ്ടുകിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു

ലൂക്കൊസ് 15:6

വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്ന് അവരോടു പറയും.

ലൂക്കൊസ് 15:7

അങ്ങനെതന്നെ മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 15:8

അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ട് എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?

ലൂക്കൊസ് 15:9

കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.

ലൂക്കൊസ് 15:10

അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 15:11

പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.

ലൂക്കൊസ് 15:12

അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു.

ലൂക്കൊസ് 15:13

ഏറെനാൾ കഴിയും മുമ്പേ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു.

ലൂക്കൊസ് 15:14

എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി.

ലൂക്കൊസ് 15:15

അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരുത്തനെ ചെന്ന് ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു.

ലൂക്കൊസ് 15:16

പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു, എങ്കിലും ആരും അവന് കൊടുത്തില്ല.

ലൂക്കൊസ് 15:17

അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.

ലൂക്കൊസ് 15:18

ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.

ലൂക്കൊസ് 15:19

ഇനി നിന്റെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.

ലൂക്കൊസ് 15:20

അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.

ലൂക്കൊസ് 15:21

മകൻ അവനോട്: അപ്പാ, ഞാൻ സ്വർഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.

ലൂക്കൊസ് 15:22

അപ്പൻ തന്റെ ദാസന്മാരോട്: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിൻ.

ലൂക്കൊസ് 15:23

തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിൻ; നാം തിന്ന് ആനന്ദിക്ക.

ലൂക്കൊസ് 15:24

ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.

ലൂക്കൊസ് 15:25

അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീട്ടിനോട് അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു,

ലൂക്കൊസ് 15:26

ബാല്യക്കാരിൽ ഒരുത്തനെ വിളിച്ച്: ഇതെന്ത് എന്നു ചോദിച്ചു.

ലൂക്കൊസ് 15:27

അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.

ലൂക്കൊസ് 15:28

അപ്പോൾ അവൻ കോപിച്ച്, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്ന് അവനോട് അപേക്ഷിച്ചു.

ലൂക്കൊസ് 15:29

അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിനു നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.

ലൂക്കൊസ് 15:30

വേശ്യമാരോടുകൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ, തടിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 15:31

അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിൻറേത് ആകുന്നു.

ലൂക്കൊസ് 15:32

നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.