ലൂക്കൊസ് - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 38 വരെ

ലൂക്കൊസ് 3:1

തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവ് ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും

ലൂക്കൊസ് 3:2

ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി.

ലൂക്കൊസ് 3:3

അവൻ യോർദ്ദാനരികെയുള്ള നാട്ടിലൊക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.

ലൂക്കൊസ് 3:4

“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.

ലൂക്കൊസ് 3:5

എല്ലാ താഴ്വരയും നികന്നുവരും; എല്ലാ മലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുർഘടമായതു നിരന്ന വഴിയായും തീരും;

ലൂക്കൊസ് 3:6

സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.

ലൂക്കൊസ് 3:7

അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോട് അവൻ പറഞ്ഞത്: സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നത് ആർ?

ലൂക്കൊസ് 3:8

മാനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട്; എന്ന് ഉള്ളംകൊണ്ടു പറവാൻ തുനിയരുത്; അബ്രാഹാമിന് ഈ കല്ലുകളിൽനിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 3:9

ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

ലൂക്കൊസ് 3:10

എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.

ലൂക്കൊസ് 3:11

അതിന് അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെതന്നെ ചെയ്യട്ടെ എന്ന് ഉത്തരം പറഞ്ഞു.

ലൂക്കൊസ് 3:12

ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തു ചെയ്യേണം എന്ന് അവനോട് ചോദിച്ചു.

ലൂക്കൊസ് 3:13

നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത് എന്ന് അവൻ പറഞ്ഞു.

ലൂക്കൊസ് 3:14

പടജ്ജനവും അവനോട്: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വയ്പിൻ എന്ന് അവരോടു പറഞ്ഞു.

ലൂക്കൊസ് 3:15

ജനം കാത്തുനിന്നു; അവൻ ക്രിസ്തുവോ എന്ന് എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ

ലൂക്കൊസ് 3:16

യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

ലൂക്കൊസ് 3:17

അവനു വീശുമുറം കൈയിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കയും പതിർ കെടാത്തതീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.

ലൂക്കൊസ് 3:18

മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ട് ജനത്തോടു സുവിശേഷം അറിയിച്ചു.

ലൂക്കൊസ് 3:19

എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവ് ചെയ്ത സകല ദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ

ലൂക്കൊസ് 3:20

അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.

ലൂക്കൊസ് 3:21

ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർഥിക്കുമ്പോൾ സ്വർഗം തുറന്നു,

ലൂക്കൊസ് 3:22

പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.

ലൂക്കൊസ് 3:23

യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;

ലൂക്കൊസ് 3:24

യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ,

ലൂക്കൊസ് 3:25

യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ലിയുടെ മകൻ, എസ്ലി നഗ്ഗായിയുടെ മകൻ,

ലൂക്കൊസ് 3:26

നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ,

ലൂക്കൊസ് 3:27

യോദ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ,

ലൂക്കൊസ് 3:28

ശലഥീയേൽ നേരിയുടെ മകൻ, നേരി മെല്ക്കിയുടെ മകൻ, മെല്ക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,

ലൂക്കൊസ് 3:29

ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,

ലൂക്കൊസ് 3:30

ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദായുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,

ലൂക്കൊസ് 3:31

എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവ് മെന്നയുടെ മകൻ, മെന്ന മത്തഥയുടെ മകൻ, മത്തഥ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,

ലൂക്കൊസ് 3:32

ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ,

ലൂക്കൊസ് 3:33

സല്മോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദായുടെ മകൻ,

ലൂക്കൊസ് 3:34

യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ,

ലൂക്കൊസ് 3:35

തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ,

ലൂക്കൊസ് 3:36

ശലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ, ലാമേക് മെഥൂശലയുടെ മകൻ,

ലൂക്കൊസ് 3:37

മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,

ലൂക്കൊസ് 3:38

കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.