ലൂക്കൊസ് - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 37 വരെ

ലൂക്കൊസ് 17:1

അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടർച്ചകൾ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം.

ലൂക്കൊസ് 17:2

അവൻ ഈ ചെറിയവരിൽ ഒരുത്തന് ഇടർച്ച വരുത്തുന്നതിനെക്കാൾ ഒരു തിരികല്ല് അവന്റെ കഴുത്തിൽ കെട്ടി അവനെ കടലിൽ എറിഞ്ഞുകളയുന്നത് അവന് നന്ന്.

ലൂക്കൊസ് 17:3

സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോട് ക്ഷമിക്ക.

ലൂക്കൊസ് 17:4

ദിവസത്തിൽ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോട് ക്ഷമിക്ക.

ലൂക്കൊസ് 17:5

അപ്പൊസ്തലന്മാർ കർത്താവിനോട്: ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.

ലൂക്കൊസ് 17:6

അതിന് കർത്താവ് പറഞ്ഞത്: നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.

ലൂക്കൊസ് 17:7

നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്ന് ഊണിനിരിക്ക എന്ന് അവനോടു പറയുമോ?

ലൂക്കൊസ് 17:8

അല്ല: എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അര കെട്ടി എനിക്കു ശുശ്രൂഷ ചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക എന്നു പറകയില്ലയോ?

ലൂക്കൊസ് 17:9

തന്നോടു കല്പിച്ചതു ദാസൻ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ?

ലൂക്കൊസ് 17:10

അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിൻ.

ലൂക്കൊസ് 17:11

അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ

ലൂക്കൊസ് 17:12

ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എതിർപെട്ട് അകലെ നിന്നുകൊണ്ട്:

ലൂക്കൊസ് 17:13

യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു.

ലൂക്കൊസ് 17:14

അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽതന്നെ അവർ ശുദ്ധരായിത്തീർന്നു.

ലൂക്കൊസ് 17:15

അവരിൽ ഒരുത്തൻ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന്

ലൂക്കൊസ് 17:16

അവന്റെ കാല്ക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു.

ലൂക്കൊസ് 17:17

പത്തു പേർ ശുദ്ധരായിത്തീർന്നില്ലയോ? ഒമ്പതു പേർ എവിടെ?

ലൂക്കൊസ് 17:18

ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്:

ലൂക്കൊസ് 17:19

എഴുന്നേറ്റു പൊയ്ക്കൊൾക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.

ലൂക്കൊസ് 17:20

ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്;

ലൂക്കൊസ് 17:21

ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നെ ഉണ്ടല്ലോ എന്ന് അവൻ ഉത്തരം പറഞ്ഞു.

ലൂക്കൊസ് 17:22

പിന്നെ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാൺമാൻ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും.

ലൂക്കൊസ് 17:23

അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുത്, പിൻചെല്ലുകയുമരുത്.

ലൂക്കൊസ് 17:24

മിന്നൽ ആകാശത്തിൻകീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രൻ തന്റെ ദിവസത്തിൽ ആകും.

ലൂക്കൊസ് 17:25

എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.

ലൂക്കൊസ് 17:26

നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.

ലൂക്കൊസ് 17:27

നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന്, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.

ലൂക്കൊസ് 17:28

ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നെ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.

ലൂക്കൊസ് 17:29

എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചുകളഞ്ഞു.

ലൂക്കൊസ് 17:30

മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നെ ആകും.

ലൂക്കൊസ് 17:31

അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുത്; അവ്വണ്ണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുത്.

ലൂക്കൊസ് 17:32

ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ.

ലൂക്കൊസ് 17:33

തന്റെ ജീവനെ നേടുവാൻ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.

ലൂക്കൊസ് 17:34

ആ രാത്രിയിൽ രണ്ടു പേർ ഒരു കിടക്കമേൽ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.

ലൂക്കൊസ് 17:35

രണ്ടു പേർ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും

ലൂക്കൊസ് 17:36

[രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കൊസ് 17:37

അവർ അവനോട്: കർത്താവേ, എവിടെ എന്നു ചോദിച്ചതിന്: ശവം ഉള്ളേടത്തു കഴുക്കൾ കൂടും എന്ന് അവൻ പറഞ്ഞു.