വിശുദ്ധന്മാർക്കുവേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ലല്ലോ.
അഖായ കീഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്ന് ഞാൻ നിങ്ങളെക്കുറിച്ച് മക്കെദോന്യരോട് പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു.
നിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിനുതന്നെ ഞാൻ സഹോദരന്മാരെ അയച്ചത്.
അല്ലെങ്കിൽ പക്ഷേ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾതന്നെ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
ആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പേ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ട് ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവയ്ക്കയും ചെയ്യേണ്ടതിന് അവരോട് അപേക്ഷിപ്പാൻ ആവശ്യം എന്ന് ഞങ്ങൾക്കു തോന്നി.
എന്നാൽ ലോഭമായി വിതയ്ക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ.
അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
നിങ്ങൾ സകലത്തിലും എപ്പോഴും പൂർണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.
“അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
എന്നാൽ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർധിപ്പിക്കയും ചെയ്യും.
ഇങ്ങനെ ദൈവത്തിനു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യമൊക്കെയും കാണിക്കേണ്ടതിനു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.
ഈ നടത്തുന്ന ധർമശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീർക്കുന്നതുമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.
ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.
നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാൺമാൻ വാഞ്ഛിച്ചു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.
പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.