കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗത്തിൽ ഉണ്ടെന്ന് അറിയുന്നു.
ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു
എങ്കിൽ സ്വർഗീയമായ ഞങ്ങളുടെ പാർപ്പിടം അതിനുമീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു.
ഉരിവാനല്ല മർത്യമായത് ജീവനാൽ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.
അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവംതന്നെ.
ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും, ശരീരത്തിൽ വസിക്കുമ്പോഴൊക്കെയും കർത്താവിനോട് അകന്നു പരദേശികൾ ആയിരിക്കുന്നു എന്ന് അറിയുന്നു.
കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്.
ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.
അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു.
അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിനു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ആശിക്കുന്നു.
ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ടു പ്രശംസിക്കുന്നവരോട് ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിനു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരുകയത്രേ ചെയ്യുന്നത്.
ഞങ്ങൾ വിവശന്മാർ എന്നു വരികിൽ ദൈവത്തിനും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കുംവേണ്ടി ഒരുവൻ മരിച്ചിരിക്കെ,
എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണയിച്ചിരിക്കുന്നു.
ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.
ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.
ആകയാൽ ഞങ്ങൾ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്കുവേണ്ടി പാപം ആക്കി.