2 കൊരിന്ത്യർ - 11 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

2 കൊരിന്ത്യർ 11:1

നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളാമായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.

2 കൊരിന്ത്യർ 11:2

ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.

2 കൊരിന്ത്യർ 11:3

എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

2 കൊരിന്ത്യർ 11:4

ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം.

2 കൊരിന്ത്യർ 11:5

ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.

2 കൊരിന്ത്യർ 11:6

ഞാൻ വാക്സാമർഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അത് നിങ്ങൾക്ക് എല്ലായ്പോഴും എല്ലാ വിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.

2 കൊരിന്ത്യർ 11:7

അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൗജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന് എന്നെത്തന്നെ താഴ്ത്തുകയാൽ പാപം ചെയ്തുവോ?

2 കൊരിന്ത്യർ 11:8

നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‍വാൻ ഞാൻ മറ്റു സഭകളെ കവർന്ന് അവരോടു ചെലവിനു വാങ്ങി.

2 കൊരിന്ത്യർ 11:9

നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടുതീർത്തത്. ഞാൻ ഒരു വിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.

2 കൊരിന്ത്യർ 11:10

എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്ക് ആരും ഇല്ലാതാക്കുകയില്ല.

2 കൊരിന്ത്യർ 11:11

അത് എന്തുകൊണ്ട്? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.

2 കൊരിന്ത്യർ 11:12

എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തുകളയേണ്ടതിനു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ.

2 കൊരിന്ത്യർ 11:13

ഇങ്ങനെയുള്ളവർ കള്ളഅപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ;

2 കൊരിന്ത്യർ 11:14

അത് ആശ്ചര്യവുമല്ല; സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.

2 കൊരിന്ത്യർ 11:15

ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്ക് ഒത്തതായിരിക്കും.

2 കൊരിന്ത്യർ 11:16

ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുത് എന്ന് ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിനു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.

2 കൊരിന്ത്യർ 11:17

ഞാൻ ഈ സംസാരിക്കുന്നത് കർത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നത്.

2 കൊരിന്ത്യർ 11:18

പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും.

2 കൊരിന്ത്യർ 11:19

നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.

2 കൊരിന്ത്യർ 11:20

നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചു കൊണ്ടുപോയാലും ഒരുവൻ അഹങ്കരിച്ചാലും ഒരുവൻ നിങ്ങളെ മുഖത്ത് അടിച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലോ.

2 കൊരിന്ത്യർ 11:21

അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്ന് ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ- ഞാൻ ബുദ്ധിഹീനനായി പറയുന്നു- ഞാനും ധൈര്യപ്പെടുന്നു.

2 കൊരിന്ത്യർ 11:22

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;

2 കൊരിന്ത്യർ 11:23

ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?- ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു- ഞാൻ അധികം; ഞാൻ ഏറ്റവും അധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;

2 കൊരിന്ത്യർ 11:24

യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പത് അടി അഞ്ചു വട്ടം കൊണ്ടു;

2 കൊരിന്ത്യർ 11:25

മൂന്നു വട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നു വട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.

2 കൊരിന്ത്യർ 11:26

ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്;

2 കൊരിന്ത്യർ 11:27

അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ

2 കൊരിന്ത്യർ 11:28

അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്.

2 കൊരിന്ത്യർ 11:29

ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?

2 കൊരിന്ത്യർ 11:30

പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ചു ഞാൻ പ്രശംസിക്കും.

2 കൊരിന്ത്യർ 11:31

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.

2 കൊരിന്ത്യർ 11:32

ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വച്ചു കാത്തു.

2 കൊരിന്ത്യർ 11:33

എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കുട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കൈയിൽനിന്നു തെറ്റി ഓടിപ്പോയി.