ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ട്: “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതു കാര്യവും ഉറപ്പാകും”.
ഞാൻ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻകൂട്ടി പറയുന്നു.
ക്രിസ്തു എന്നിൽ സംസാരിക്കുന്നു എന്നതിനു നിങ്ങൾ തുമ്പ് അന്വേഷിക്കുന്നുവല്ലോ. അവൻ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളിൽ ശക്തൻതന്നെ.
ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടുകൂടെ ദൈവശക്തിയാൽ നിങ്ങൾക്കുവേണ്ടി ജീവിക്കുന്നു.
നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധനചെയ്‍വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ?
ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ ആശിക്കുന്നു.
നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ.
സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിനു പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും കഴിവില്ലല്ലോ.
ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിനായി തന്നെ ഞങ്ങൾ പ്രാർഥിക്കുന്നു.
അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവ് തന്ന അധികാരത്തിനു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിനു ദൂരത്തുനിന്ന് ഇത് എഴുതുന്നു.
തീർച്ചയ്ക്ക്, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിൻ.
വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.