മീഖാ - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

മീഖാ 2:1

കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നെ അവർ അതു നടത്തുന്നു.

മീഖാ 2:2

അവർ വയലുകളെ മോഹിച്ചു പിടിച്ചു പറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.

മീഖാ 2:3

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരേ അനർഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിർന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.

മീഖാ 2:4

അന്നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂർണസംഹാരം ഭവിച്ചിരിക്കുന്നു; അവൻ എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവൻ അത് എന്റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികൾക്ക് അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;

മീഖാ 2:5

അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്ക് ആരും ഉണ്ടാകയില്ല.

മീഖാ 2:6

പ്രസംഗിക്കരുതെന്ന് അവർ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ച് അവർ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.

മീഖാ 2:7

യാക്കോബുഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന് എന്റെ വചനങ്ങൾ ഗുണകരമല്ലയോ?

മീഖാ 2:8

മുമ്പേതന്നെ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നുപോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങൾ പുതപ്പു വലിച്ചെടുക്കുന്നു.

മീഖാ 2:9

നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്ത്വം സദാകാലത്തേക്കും അപഹരിച്ചു കളയുന്നു.

മീഖാ 2:10

പുറപ്പെട്ടു പോകുവിൻ; നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.

മീഖാ 2:11

ഒരുത്തൻ കാറ്റിനെയും വ്യാജത്തെയും പിൻചെന്നു: ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.

മീഖാ 2:12

യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപ്പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.

മീഖാ 2:13

തകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്തു ഗോപുരത്തിൽക്കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവർക്കു മുമ്പായും യഹോവ അവരുടെ തലയ്ക്കലും നടക്കും.