യോഹന്നാൻ - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

യോഹന്നാൻ 17:1

ഇതു സംസാരിച്ചിട്ടു യേശു സ്വർഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ.

യോഹന്നാൻ 17:2

നീ അവനു നല്കിയിട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ.

യോഹന്നാൻ 17:3

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.

യോഹന്നാൻ 17:4

ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു.

യോഹന്നാൻ 17:5

ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ.

യോഹന്നാൻ 17:6

നീ ലോകത്തിൽനിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

യോഹന്നാൻ 17:7

നീ എനിക്കു തന്നത് എല്ലാം നിന്റെ പക്കൽനിന്ന് ആകുന്നു എന്ന് അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.

യോഹന്നാൻ 17:8

നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു.

യോഹന്നാൻ 17:9

ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്കുവേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നത്.

യോഹന്നാൻ 17:10

എൻറേത് എല്ലാം നിൻറേതും നിൻറേത് എൻറേതും ആകുന്നു; ഞാൻ അവരിൽ മഹത്ത്വപ്പെട്ടുമിരിക്കുന്നു.

യോഹന്നാൻ 17:11

ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.

യോഹന്നാൻ 17:12

അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.

യോഹന്നാൻ 17:13

ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണമാകേണ്ടതിന് ഇതു ലോകത്തിൽ വച്ചു സംസാരിക്കുന്നു.

യോഹന്നാൻ 17:14

ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു.

യോഹന്നാൻ 17:15

അവരെ ലോകത്തിൽനിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.

യോഹന്നാൻ 17:16

ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.

യോഹന്നാൻ 17:17

സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.

യോഹന്നാൻ 17:18

നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു.

യോഹന്നാൻ 17:19

അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന് ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.

യോഹന്നാൻ 17:20

ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.

യോഹന്നാൻ 17:21

നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ.

യോഹന്നാൻ 17:22

നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു.

യോഹന്നാൻ 17:23

നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനും ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിനുംതന്നെ.

യോഹന്നാൻ 17:24

പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു.

യോഹന്നാൻ 17:25

നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു.

യോഹന്നാൻ 17:26

നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.