യോഹന്നാൻ - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 41 വരെ

യോഹന്നാൻ 9:1

അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായൊരു മനുഷ്യനെ കണ്ടു.

യോഹന്നാൻ 9:2

അവന്റെ ശിഷ്യന്മാർ അവനോട്: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപംചെയ്തു? ഇവനോ, ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.

യോഹന്നാൻ 9:3

അതിന് യേശു: അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ.

യോഹന്നാൻ 9:4

എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു.

യോഹന്നാൻ 9:5

ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:6

ഇങ്ങനെ പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി, ചേറ് അവന്റെ കണ്ണിന്മേൽ പൂശി

യോഹന്നാൻ 9:7

നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്ന് അവനോടു പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർഥം. അവൻ പോയി കഴുകി; കണ്ണു കാണുന്നവനായി മടങ്ങിവന്നു.

യോഹന്നാൻ 9:8

അയൽക്കാരും അവനെ മുമ്പേ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവൻ എന്ന് പറഞ്ഞു.

യോഹന്നാൻ 9:9

അവൻതന്നെ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവൻ എന്ന് മറ്റു ചിലരും പറഞ്ഞു; ഞാൻതന്നെ എന്ന് അവൻ പറഞ്ഞു.

യോഹന്നാൻ 9:10

അവർ അവനോട്: നിന്റെ കണ്ണുതുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവൻ:

യോഹന്നാൻ 9:11

യേശു എന്നുപേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്ന് എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി, കാഴ്ച പ്രാപിച്ചു എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:12

അവൻ എവിടെ എന്ന് അവർ അവനോട് ചോദിച്ചതിന്: ഞാൻ അറിയുന്നില്ല എന്ന് അവൻ പറഞ്ഞു.

യോഹന്നാൻ 9:13

കുരുടനായിരുന്നവനെ അവർ പരീശന്മാരുടെ അടുക്കൽ കൊണ്ടുപോയി.

യോഹന്നാൻ 9:14

യേശു ചേറുണ്ടാക്കി അവന്റെ കണ്ണുതുറന്നത് ശബ്ബത്തുനാളിൽ ആയിരുന്നു.

യോഹന്നാൻ 9:15

അവൻ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്ന് പരീശന്മാരും അവനോടു ചോദിച്ചു. അവൻ അവരോട്: അവൻ എന്റെ കണ്ണിന്മേൽ ചേറു തേച്ചു ഞാൻ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 9:16

പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.

യോഹന്നാൻ 9:17

അവർ പിന്നെയും കുരുടനോട്: നിന്റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചതിന്: അവൻ ഒരു പ്രവാചകൻ എന്ന് അവൻ പറഞ്ഞു.

യോഹന്നാൻ 9:18

കാഴ്ച പ്രാപിച്ചവന്റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവൻ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാർ വിശ്വസിച്ചില്ല.

യോഹന്നാൻ 9:19

കുരുടനായി ജനിച്ചു എന്ന് നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻ തന്നെയോ? എന്നാൽ അവന് ഇപ്പോൾ കണ്ണു കാണുന്നത് എങ്ങനെ എന്ന് അവർ അവരോടു ചോദിച്ചു.

യോഹന്നാൻ 9:20

അവന്റെ അമ്മയപ്പന്മാർ: ഇവൻ ഞങ്ങളുടെ മകൻ എന്നും, കുരുടനായി ജനിച്ചവൻ എന്നും ഞങ്ങൾ അറിയുന്നു.

യോഹന്നാൻ 9:21

എന്നാൽ കണ്ണു കാണുന്നത് എങ്ങനെ എന്ന് അറിയുന്നില്ല; അവന്റെ കണ്ണ് ആർ തുറന്നു എന്നും അറിയുന്നില്ല; അവനോട് ചോദിപ്പിൻ; അവന് പ്രായം ഉണ്ടല്ലോ; അവൻതന്നെ പറയും എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:22

യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞത്; അവനെ ക്രിസ്തു എന്ന് ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്ന് യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു.

യോഹന്നാൻ 9:23

അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന് പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞത്.

യോഹന്നാൻ 9:24

കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്ത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്ന് ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 9:25

അതിന് അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാൻ കുരുടനായിരുന്നു; ഇപ്പോൾ കണ്ണു കാണുന്നു എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:26

അവർ അവനോട്: അവൻ നിനക്ക് എന്തു ചെയ്തു? നിന്റെ കണ്ണ് എങ്ങനെ തുറന്നു എന്നു ചോദിച്ചു.

യോഹന്നാൻ 9:27

അതിന് അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നത് എന്ത്? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:28

അപ്പോൾ അവർ അവനെ ശകാരിച്ചു; നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.

യോഹന്നാൻ 9:29

മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല എന്നു പറഞ്ഞു.

യോഹന്നാൻ 9:30

ആ മനുഷ്യൻ അവരോട്: എന്റെ കണ്ണുതുറന്നിട്ടും അവൻ എവിടെനിന്ന് എന്ന് നിങ്ങൾ അറിയാത്തത് ആശ്ചര്യം.

യോഹന്നാൻ 9:31

പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്ന് അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന കേൾക്കുന്നു എന്നും നാം അറിയുന്നു.

യോഹന്നാൻ 9:32

കുരുടനായി പിറന്നവന്റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.

യോഹന്നാൻ 9:33

ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന് ഒന്നും ചെയ്‍വാൻ കഴികയില്ല എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:34

അവർ അവനോട്: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു.

യോഹന്നാൻ 9:35

അവനെ പുറത്താക്കി എന്ന് യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.

യോഹന്നാൻ 9:36

അതിന് അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 9:37

യേശു അവനോട്: നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവൻ അവൻതന്നെ എന്നു പറഞ്ഞു.

യോഹന്നാൻ 9:38

ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.

യോഹന്നാൻ 9:39

കാണാത്തവർ കാൺമാനും കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്നു യേശു പറഞ്ഞു.

യോഹന്നാൻ 9:40

അവനോടുകൂടെയുള്ള ചില പരീശന്മാർ ഇതു കേട്ടിട്ട് ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.

യോഹന്നാൻ 9:41

യേശു അവരോട്: നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്ന് നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.