യോഹന്നാൻ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 50 വരെ

യോഹന്നാൻ 12:1

യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്ക് യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പേ വന്നു.

യോഹന്നാൻ 12:2

അവിടെ അവർ അവന് ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.

യോഹന്നാൻ 12:3

അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.

യോഹന്നാൻ 12:4

എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവ്;

യോഹന്നാൻ 12:5

ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു.

യോഹന്നാൻ 12:6

ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്.

യോഹന്നാൻ 12:7

യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

യോഹന്നാൻ 12:8

ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.

യോഹന്നാൻ 12:9

അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാൺമാനായിട്ടുംകൂടെ വന്നു.

യോഹന്നാൻ 12:10

അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്ന്

യോഹന്നാൻ 12:11

യേശുവിൽ വിശ്വസിക്കയാൽ ലാസറെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.

യോഹന്നാൻ 12:12

പിറ്റേന്നു പെരുന്നാൾക്കു വന്നൊരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട്

യോഹന്നാൻ 12:13

ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട് അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്തു.

യോഹന്നാൻ 12:14

യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേൽ കയറി.

യോഹന്നാൻ 12:15

“സീയോൻപുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.

യോഹന്നാൻ 12:16

ഇത് അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവനെ ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ വന്നു.

യോഹന്നാൻ 12:17

അവൻ ലാസറെ കല്ലറയിൽനിന്നു വിളിച്ചു മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.

യോഹന്നാൻ 12:18

അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ട് അവനെ എതിരേറ്റുചെന്നു.

യോഹന്നാൻ 12:19

ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

യോഹന്നാൻ 12:20

പെരുന്നാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.

യോഹന്നാൻ 12:21

ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്ന് അവനോട്: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാൺമാൻ താൽപര്യമുണ്ട് എന്ന് അപേക്ഷിച്ചു.

യോഹന്നാൻ 12:22

ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസുംകൂടെ ചെന്നു യേശുവിനോട് പറഞ്ഞു.

യോഹന്നാൻ 12:23

യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.

യോഹന്നാൻ 12:24

ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.

യോഹന്നാൻ 12:25

തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകയ്ക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും.

യോഹന്നാൻ 12:26

എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്ത് എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.

യോഹന്നാൻ 12:27

ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.

യോഹന്നാൻ 12:28

പിതാവേ, നിന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗത്തിൽനിന്നു; ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.

യോഹന്നാൻ 12:29

അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ: ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു എന്നു പറഞ്ഞു.

യോഹന്നാൻ 12:30

അതിന് യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല; നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്.

യോഹന്നാൻ 12:31

ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.

യോഹന്നാൻ 12:32

ഞാനോ ഭൂമിയിൽനിന്ന് ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 12:33

ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.

യോഹന്നാൻ 12:34

പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.

യോഹന്നാൻ 12:35

അതിനു യേശു അവരോട്: ഇനി കുറെക്കാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ലല്ലോ.

യോഹന്നാൻ 12:36

നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്; വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.

യോഹന്നാൻ 12:37

ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.

യോഹന്നാൻ 12:38

“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.

യോഹന്നാൻ 12:39

അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്:

യോഹന്നാൻ 12:40

“അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.”

യോഹന്നാൻ 12:41

യെശയ്യാവ് അവന്റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്.

യോഹന്നാൻ 12:42

എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.

യോഹന്നാൻ 12:43

അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.

യോഹന്നാൻ 12:44

യേശു വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽതന്നെ വിശ്വസിക്കുന്നു.

യോഹന്നാൻ 12:45

എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

യോഹന്നാൻ 12:46

എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.

യോഹന്നാൻ 12:47

എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നത്.

യോഹന്നാൻ 12:48

എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല;

യോഹന്നാൻ 12:49

എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

യോഹന്നാൻ 12:50

അവന്റെ കല്പന നിത്യജീവൻ എന്ന് ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.