യോഹന്നാൻ - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 53 വരെ

യോഹന്നാൻ 7:1

അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു, യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവനു മനസ്സില്ലായിരുന്നു.

യോഹന്നാൻ 7:2

എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ അടുത്തിരുന്നു.

യോഹന്നാൻ 7:3

അവന്റെ സഹോദരന്മാർ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.

യോഹന്നാൻ 7:4

പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു.

യോഹന്നാൻ 7:5

അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.

യോഹന്നാൻ 7:6

യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലായ്പോഴും സമയംതന്നെ.

യോഹന്നാൻ 7:7

നിങ്ങളെ പകപ്പാൻ ലോകത്തിനു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട്, അത് എന്നെ പകയ്ക്കുന്നു.

യോഹന്നാൻ 7:8

നിങ്ങൾ പെരുന്നാളിനു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുന്നാളിന് ഇപ്പോൾ പോകുന്നില്ല;

യോഹന്നാൻ 7:9

ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽതന്നെ പാർത്തു.

യോഹന്നാൻ 7:10

അവന്റെ സഹോദരന്മാർ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.

യോഹന്നാൻ 7:11

എന്നാൽ യെഹൂദന്മാർ പെരുന്നാളിൽ: അവൻ എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചു.

യോഹന്നാൻ 7:12

പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പ് ഉണ്ടായി: അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.

യോഹന്നാൻ 7:13

എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.

യോഹന്നാൻ 7:14

പെരുന്നാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചു.

യോഹന്നാൻ 7:15

വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞ് ആശ്ചര്യപ്പെട്ടു.

യോഹന്നാൻ 7:16

യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എൻറേതല്ല, എന്നെ അയച്ചവൻറേതത്രേ.

യോഹന്നാൻ 7:17

അവന്റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ, ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും.

യോഹന്നാൻ 7:18

സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്ത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല.

യോഹന്നാൻ 7:19

മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നത് എന്ത്?

യോഹന്നാൻ 7:20

അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 7:21

യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.

യോഹന്നാൻ 7:22

മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.

യോഹന്നാൻ 7:23

മോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ, ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാൽ എന്നോട് ഈർഷ്യപ്പെടുന്നുവോ?

യോഹന്നാൻ 7:24

കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ.

യോഹന്നാൻ 7:25

യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?

യോഹന്നാൻ 7:26

അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർഥമായി ഗ്രഹിച്ചുവോ?

യോഹന്നാൻ 7:27

എങ്കിലും ഇവൻ എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു.

യോഹന്നാൻ 7:28

ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.

യോഹന്നാൻ 7:29

ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.

യോഹന്നാൻ 7:30

ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈവച്ചില്ല.

യോഹന്നാൻ 7:31

പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനിൽ വിശ്വസിച്ചു.

യോഹന്നാൻ 7:32

പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.

യോഹന്നാൻ 7:33

യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു.

യോഹന്നാൻ 7:34

നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു.

യോഹന്നാൻ 7:35

അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?

യോഹന്നാൻ 7:36

നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.

യോഹന്നാൻ 7:37

ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ.

യോഹന്നാൻ 7:38

എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.

യോഹന്നാൻ 7:39

അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവ് വന്നിട്ടില്ലായിരുന്നു.

യോഹന്നാൻ 7:40

പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ട്: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 7:41

വേറേ ചിലർ: ഇവൻ ക്രിസ്തുതന്നെ എന്നും മറ്റു ചിലർ: ഗലീലയിൽനിന്നോ ക്രിസ്തു വരുന്നത്?

യോഹന്നാൻ 7:42

ദാവീദിന്റെ സന്തതിയിൽനിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്‍ലഹേമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.

യോഹന്നാൻ 7:43

അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.

യോഹന്നാൻ 7:44

അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈവച്ചില്ല.

യോഹന്നാൻ 7:45

ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോട്: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്ന് ചോദിച്ചതിന്:

യോഹന്നാൻ 7:46

ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്ന് ചേവകർ ഉത്തരം പറഞ്ഞു.

യോഹന്നാൻ 7:47

പരീശന്മാർ അവരോട്: നിങ്ങളും തെറ്റിപ്പോയോ?

യോഹന്നാൻ 7:48

പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?

യോഹന്നാൻ 7:49

ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 7:50

അവരിൽ ഒരുത്തനായി, മുമ്പേ അവന്റെ അടുക്കൽ വന്നിരുന്ന നിക്കോദേമൊസ് അവരോട്:

യോഹന്നാൻ 7:51

ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട്, അവൻ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.

യോഹന്നാൻ 7:52

അവർ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽനിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്ന് ഉത്തരം പറഞ്ഞു.

യോഹന്നാൻ 7:53

[അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.