യോവേൽ - 3 -ാം അധ്യായം

123

വാക്യങ്ങൾ 1 നിന്ന് 21 വരെ

യോവേൽ 3:1

ഞാൻ യെഹൂദായുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും

യോവേൽ 3:2

ഞാൻ സകല ജാതികളെയും കൂട്ടി യെഹോശാഫാത്ത് താഴ്വരയിൽ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേൽ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവർ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.

യോവേൽ 3:3

അവർ എന്റെ ജനത്തിന് ചീട്ടിട്ട് ഒരു ബാലനെ ഒരു വേശ്യക്കുവേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞു കുടിക്കയും ചെയ്തു.

യോവേൽ 3:4

സോരും സീദോനും സകല ഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തും.

യോവേൽ 3:5

നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്ത് എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോയി.

യോവേൽ 3:6

യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിറ്റുകളഞ്ഞു.

യോവേൽ 3:7

എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാൻ അവരെ ഉണർത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തുകയും ചെയ്യും.

യോവേൽ 3:8

ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായർക്കു വിറ്റുകളയും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.

യോവേൽ 3:9

ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.

യോവേൽ 3:10

നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.

യോവേൽ 3:11

ചുറ്റുമുള്ള സകല ജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.

യോവേൽ 3:12

ജാതികൾ ഉണർന്ന് യെഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിന് ഇരിക്കും.

യോവേൽ 3:13

അരിവാൾ ഇടുവിൻ; കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.

യോവേൽ 3:14

വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.

യോവേൽ 3:15

സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.

യോവേൽ 3:16

യഹോവ സീയോനിൽനിന്നു ഗർജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിനു ശരണവും യിസ്രായേൽമക്കൾക്കു ദുർഗവും ആയിരിക്കും.

യോവേൽ 3:17

അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽക്കൂടി കടക്കയുമില്ല.

യോവേൽ 3:18

അന്നാളിൽ പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദായിലെ എല്ലാ തോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനയ്ക്കും.

യോവേൽ 3:19

യെഹൂദാദേശത്തുവച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി മിസ്രയീം ശൂന്യമായിത്തീരുകയും എദോം നിർജനമരുഭൂമിയായി ഭവിക്കയും ചെയ്യും.

യോവേൽ 3:20

യെഹൂദായ്ക്കോ സദാകാലത്തേക്കും യെരൂശലേമിന് തലമുറതലമുറയോളവും നിവാസികളുണ്ടാകും.

യോവേൽ 3:21

ഞാൻ പോക്കിയിട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.