ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ?
മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്ക് ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.
എന്നെ വിധിക്കുന്നവരോടു ഞാൻ പറയുന്ന പ്രതിവാദം ഇതാകുന്നു.
തിന്നുവാനും കുടിപ്പാനും ഞങ്ങൾക്ക് അധികാരമില്ലയോ?
ശേഷം അപ്പൊസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്ക് അധികാരമില്ലയോ?
അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ?
സ്വന്തചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻകൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ട് ഉപജീവിക്കാതിരിക്കുന്നവൻ ആർ?
ഞാൻ ഇതു മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നത്? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
“മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത്” എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളയ്ക്കുവേണ്ടിയോ ചിന്തിക്കുന്നത്?
അല്ല, കേവലം നമുക്കുവേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ ആശയോടെ ഉഴുകയും മെതിക്കുന്നവൻ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാൽ നമുക്കുവേണ്ടി എഴുതിയിരിക്കുന്നതത്രേ.
ഞങ്ങൾ ആത്മികമായതു നിങ്ങൾക്കു വിതച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ?
മറ്റുള്ളവർക്കു നിങ്ങളുടെമേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിനു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു.
ദൈവാലയകർമങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?
അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
എങ്കിലും ഇത് ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നു വച്ചു ഞാൻ ഇത് എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നെ എനിക്കു നല്ലത്.
ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
ഞാൻ അതു മനഃപൂർവം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ട്; മനഃപൂർവമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.
എന്നാൽ എന്റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവു കൂടാതെ നടത്തുന്നതുതന്നെ.
ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികം പേരെ നേടേണ്ടതിനു ഞാൻ എന്നെത്തന്നെ എല്ലാവർക്കും ദാസനാക്കി.
യെഹൂദന്മാരെ നേടേണ്ടതിനു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻകീഴുള്ളവരെ നേടേണ്ടതിനു ഞാൻ ന്യായപ്രമാണത്തിൻകീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്കു ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി.
ദൈവത്തിനു ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിനു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിനു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
ബലഹീനന്മാരെ നേടേണ്ടതിനു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.
സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിനു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ.
അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വർജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ.
ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്.
മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.