ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.
സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർധിക്കുന്നില്ല.
സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു.
എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു.
ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെതന്നെ അറിയും,
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹംതന്നെ.