എബ്രായർ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 19 വരെ

എബ്രായർ 3:1

അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ.

എബ്രായർ 3:2

മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു.

എബ്രായർ 3:3

ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്ത്വത്തിനു യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു.

എബ്രായർ 3:4

ഏത് ഭവനവും ചമപ്പാൻ ഒരാൾ വേണം; സർവവും ചമച്ചവൻ ദൈവം തന്നെ.

എബ്രായർ 3:5

അവന്റെ ഭവനത്തിലൊക്കെയും മോശെ വിശ്വസ്തനായിരുന്നത് അരുളിച്ചെയ്‍വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.

എബ്രായർ 3:6

ക്രിസ്തുവോ അവന്റെ ഭവനത്തിന് അധികാരിയായ പുത്രനായിട്ടു തന്നെ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാംതന്നെ അവന്റെ ഭവനം ആകുന്നു

എബ്രായർ 3:7

അതുകൊണ്ടു പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ:

എബ്രായർ 3:8

“ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മരുഭൂമിയിൽവച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.

എബ്രായർ 3:9

അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പത് ആണ്ട് എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.

എബ്രായർ 3:10

അതുകൊണ്ട് എനിക്ക് ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു;

എബ്രായർ 3:11

അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”

എബ്രായർ 3:12

സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന് അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.

എബ്രായർ 3:13

നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.

എബ്രായർ 3:14

ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ.

എബ്രായർ 3:15

“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്”

എബ്രായർ 3:16

എന്നു പറയുന്നതിൽ ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.

എബ്രായർ 3:17

നാല്പത് ആണ്ട് ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?

എബ്രായർ 3:18

അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്ന് ആണയിട്ടത് അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?

എബ്രായർ 3:19

ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്ന് നാം കാണുന്നു.