എബ്രായർ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

എബ്രായർ 12:1

ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

എബ്രായർ 12:2

വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു.

എബ്രായർ 12:3

നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊൾവിൻ.

എബ്രായർ 12:4

പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല.

എബ്രായർ 12:5

“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുത്; അവൻ ശാസിക്കുമ്പോൾ മുഷികയുമരുത്.

എബ്രായർ 12:6

കർത്താവ് താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോട് എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

എബ്രായർ 12:7

നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളൂ?

എബ്രായർ 12:8

എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല, കൗലടേയന്മാരത്രേ.

എബ്രായർ 12:9

നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

എബ്രായർ 12:10

അവർ ശിക്ഷിച്ചത് കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത്.

എബ്രായർ 12:11

ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.

എബ്രായർ 12:12

ആകയാൽ തളർന്ന കൈയും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ.

എബ്രായർ 12:13

മുടന്തുള്ളത് ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിനു നിങ്ങളുടെ കാലിനു പാത നിരത്തുവിൻ.

എബ്രായർ 12:14

എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.

എബ്രായർ 12:15

ആരും ദൈവകൃപ വിട്ടു പിന്മാറുകയും വല്ല കയ്പുള്ള വേരും മുളച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുർന്നടപ്പുകാരനോ,

എബ്രായർ 12:16

ഒരു ഊണിനു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ.

എബ്രായർ 12:17

അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന് ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

എബ്രായർ 12:18

സ്ഥൂലമായതും തീ കത്തുന്നതുമായ പർവതത്തിനും, മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത്.

എബ്രായർ 12:19

ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്ന് അപേക്ഷിച്ചു.

എബ്രായർ 12:20

ഒരു മൃഗം എങ്കിലും പർവതം തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവർക്കു സഹിച്ചുകൂടാഞ്ഞു.

എബ്രായർ 12:21

ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്ന് മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.

എബ്രായർ 12:22

പിന്നെയോ സീയോൻപർവതത്തിനും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയ യെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സർവസംഘത്തിനും

എബ്രായർ 12:23

സ്വർഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും

എബ്രായർ 12:24

പുതുനിയമത്തിന്റെ മധ്യസ്ഥനായ യേശുവിനും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നത്.

എബ്രായർ 12:25

അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗത്തിൽനിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം.

എബ്രായർ 12:26

അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവൻ വാഗ്ദത്തം ചെയ്തു.

എബ്രായർ 12:27

“ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനില്ക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിനു മാറ്റം വരും എന്ന് സൂചിപ്പിക്കുന്നു.

എബ്രായർ 12:28

ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.

എബ്രായർ 12:29

നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.