എബ്രായർ - 13 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

എബ്രായർ 13:1

സഹോദരപ്രീതി നിലനില്ക്കട്ടെ.

എബ്രായർ 13:2

അതിഥിസൽക്കാരം മറക്കരുത്. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.

എബ്രായർ 13:3

നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.

എബ്രായർ 13:4

വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

എബ്രായർ 13:5

നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

എബ്രായർ 13:6

ആകയാൽ “കർത്താവ് എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തുചെയ്യും” എന്നു നമുക്ക് ധൈര്യത്തോടെ പറയാം.

എബ്രായർ 13:7

നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിപ്പിൻ.

എബ്രായർ 13:8

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ.

എബ്രായർ 13:9

വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽതന്നെ ഹൃദയം ഉറപ്പിക്കുന്നത് നല്ലത്.

എബ്രായർ 13:10

കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.

എബ്രായർ 13:11

മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിനു പുറത്തുവച്ചു ചുട്ടുകളയുന്നു.

എബ്രായർ 13:12

അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരവാതിലിനു പുറത്തുവച്ചു കഷ്ടം അനുഭവിച്ചു.

എബ്രായർ 13:13

ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്ത് അവന്റെ അടുക്കൽ ചെല്ലുക.

എബ്രായർ 13:14

ഇവിടെ നമുക്ക് നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളത് അത്രേ നാം അന്വേഷിക്കുന്നത്.

എബ്രായർ 13:15

അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.

എബ്രായർ 13:16

നന്മ ചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്.

എബ്രായർ 13:17

നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.

എബ്രായർ 13:18

ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.

എബ്രായർ 13:19

എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിനു നിങ്ങൾ പ്രാർഥിക്കേണം എന്ന് ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.

എബ്രായർ 13:20

നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം

എബ്രായർ 13:21

നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളത് യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്ത്വം. ആമേൻ.

എബ്രായർ 13:22

സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊൾവിൻ എന്ന് അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.

എബ്രായർ 13:23

സഹോദരനായ തിമൊഥെയൊസ് തടവിൽനിന്ന് ഇറങ്ങി എന്ന് അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.

എബ്രായർ 13:24

നിങ്ങളെ നടത്തുന്നവർക്ക് എല്ലാവർക്കും സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.

എബ്രായർ 13:25

കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.