നെഹെമ്യാവ് - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

നെഹെമ്യാവ് 8:1

അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ സകല ജനവും നീർവാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിനു കല്പിച്ചുകൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോടു പറഞ്ഞു.

നെഹെമ്യാവ് 8:2

ഏഴാം മാസം ഒന്നാം തീയതി എസ്രാ പുരോഹിതൻ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,

നെഹെമ്യാവ് 8:3

നീർവാതിലിനെതിരേയുള്ള വിശാലസ്ഥലത്തുവച്ചു രാവിലെ തുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണപുസ്തകം വായിച്ചു; സർവജനവും ശ്രദ്ധിച്ചു കേട്ടു.

നെഹെമ്യാവ് 8:4

ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്തു പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്‍ദനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു.

നെഹെമ്യാവ് 8:5

എസ്രാ സകല ജനവും കാൺകെ പുസ്തകം വിടർത്തി; അവൻ സകല ജനത്തിനും മീതെ ആയിരുന്നു; അതു വിടർത്തിയപ്പോൾ ജനമെല്ലാം എഴുന്നേറ്റു നിന്നു.

നെഹെമ്യാവ് 8:6

എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി: ആമേൻ, ആമേൻ, എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു.

നെഹെമ്യാവ് 8:7

ജനം താന്താന്റെ നിലയിൽതന്നെ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവ്, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ്, എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു.

നെഹെമ്യാവ് 8:8

ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർഥം പറഞ്ഞുകൊടുക്കയും ചെയ്തു.

നെഹെമ്യാവ് 8:9

ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകല ജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത് കരകയും അരുത് എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയിരുന്നു.

നെഹെമ്യാവ് 8:10

അനന്തരം അവൻ അവരോട്: നിങ്ങൾ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങൾക്കായി വട്ടംകൂട്ടിയിട്ടില്ലാത്തവർക്കു പകർച്ച കൊടുത്തയപ്പിൻ; ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.

നെഹെമ്യാവ് 8:11

അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുത് എന്നു പറഞ്ഞു സർവജനത്തെയും സാവധാനപ്പെടുത്തി.

നെഹെമ്യാവ് 8:12

തങ്ങളോടു പറഞ്ഞ വചനം ബോധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയയ്ക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.

നെഹെമ്യാവ് 8:13

പിറ്റന്നാൾ സകല ജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേൾക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.

നെഹെമ്യാവ് 8:14

യഹോവ മോശെ മുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കൾ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാർക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ

നെഹെമ്യാവ് 8:15

കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിനു നിങ്ങൾ മലയിൽ ചെന്ന് ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തുമടൽ, തഴച്ച വൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ച് പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു.

നെഹെമ്യാവ് 8:16

അങ്ങനെ ജനം ചെന്ന് ഓരോരുത്തൻ താന്താന്റെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ പ്രാകാരങ്ങളിലും നീർവാതിൽക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതിൽക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.

നെഹെമ്യാവ് 8:17

പ്രവാസത്തിൽനിന്നു മടങ്ങിവന്നവരുടെ സർവസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി.

നെഹെമ്യാവ് 8:18

ആദ്യദിവസംമുതൽ അവസാനദിവസംവരെ അവൻ ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.