എസ്രാ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

എസ്രാ 3:1

അങ്ങനെ യിസ്രായേൽമക്കൾ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ ജനം ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി.

എസ്രാ 3:2

യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന് യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.

എസ്രാ 3:3

അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ട് യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവയ്ക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തും ഉള്ള ഹോമയാഗങ്ങളെത്തന്നെ അർപ്പിച്ചു.

എസ്രാ 3:4

എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരപ്പെരുന്നാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവർ ഹോമയാഗം കഴിച്ചു.

എസ്രാ 3:5

അതിന്റെശേഷം അവർ നിരന്തരഹോമയാഗങ്ങളും അമാവാസ്യകൾക്കും യഹോവയ്ക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കൊക്കെയും യഹോവയ്ക്ക് ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു.

എസ്രാ 3:6

ഏഴാംമാസം ഒന്നാം തീയതിമുതൽ അവർ യഹോവയ്ക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.

എസ്രാ 3:7

അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന് സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.

എസ്രാ 3:8

അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്റെ രണ്ടാമാണ്ട് രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണിതുടങ്ങി; ഇരുപത് വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു.

എസ്രാ 3:9

അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്‍വാൻ ഒരുമനപ്പെട്ടു നിന്നു.

എസ്രാ 3:10

പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിർത്തി.

എസ്രാ 3:11

അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോട് അവന്റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ട് ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു.

എസ്രാ 3:12

എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ട് കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.

എസ്രാ 3:13

അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷം ബഹുദൂരം കേട്ടു.