1 തെസ്സലൊനീക്യർ - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

1 തെസ്സലൊനീക്യർ 2:1

സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് വ്യർഥമായില്ല എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ.

1 തെസ്സലൊനീക്യർ 2:2

നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.

1 തെസ്സലൊനീക്യർ 2:3

ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല.

1 തെസ്സലൊനീക്യർ 2:4

ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിനു ഞങ്ങൾ ദൈവത്തിനു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്.

1 തെസ്സലൊനീക്യർ 2:5

നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.

1 തെസ്സലൊനീക്യർ 2:6

ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന അവസ്ഥയ്ക്കു ഘനത്തോടെയിരിപ്പാൻ കഴിവുണ്ടായിട്ടും ഞങ്ങൾ മനുഷ്യരോട്, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;

1 തെസ്സലൊനീക്യർ 2:7

ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു.

1 തെസ്സലൊനീക്യർ 2:8

ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ട് നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാൻ ഒരുക്കമായിരുന്നു.

1 തെസ്സലൊനീക്യർ 2:9

സഹോദരന്മാരേ, ഞങ്ങളുടെ അധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

1 തെസ്സലൊനീക്യർ 2:10

വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിനു നിങ്ങളും ദൈവവും സാക്ഷി.

1 തെസ്സലൊനീക്യർ 2:11

തന്റെ രാജ്യത്തിനും മഹത്ത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായി നടപ്പാൻ തക്കവണ്ണം

1 തെസ്സലൊനീക്യർ 2:12

ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.

1 തെസ്സലൊനീക്യർ 2:13

ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

1 തെസ്സലൊനീക്യർ 2:14

സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ.

1 തെസ്സലൊനീക്യർ 2:15

യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യർക്കും വിരോധികളും

1 തെസ്സലൊനീക്യർ 2:16

ജാതികൾ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങൾ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.

1 തെസ്സലൊനീക്യർ 2:17

സഹോദരന്മാരേ, ഞങ്ങൾ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹുകാംക്ഷയോടെ നിങ്ങളുടെ മുഖം കാൺമാൻ ഏറ്റവും അധികം ശ്രമിച്ചു.

1 തെസ്സലൊനീക്യർ 2:18

അതുകൊണ്ടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞങ്ങൾ, വിശേഷാൽ പൗലൊസായ ഞാൻ, ഒന്നു രണ്ടു പ്രാവശ്യം വിചാരിച്ചു; എന്നാൽ സാത്താൻ ഞങ്ങളെ തടുത്തു.

1 തെസ്സലൊനീക്യർ 2:19

നമ്മുടെ കർത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആർ ആകുന്നു? നിങ്ങളും അല്ലയോ?

1 തെസ്സലൊനീക്യർ 2:20

ഞങ്ങളുടെ മഹത്ത്വവും സന്തോഷവും നിങ്ങൾതന്നെ.