1 തെസ്സലൊനീക്യർ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

1 തെസ്സലൊനീക്യർ 5:1

സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല.

1 തെസ്സലൊനീക്യർ 5:2

കള്ളൻ രാത്രിയിൽ വരുംപോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾതന്നെ നന്നായി അറിയുന്നുവല്ലോ.

1 തെസ്സലൊനീക്യർ 5:3

അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല.

1 തെസ്സലൊനീക്യർ 5:4

എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;

1 തെസ്സലൊനീക്യർ 5:5

നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.

1 തെസ്സലൊനീക്യർ 5:6

ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.

1 തെസ്സലൊനീക്യർ 5:7

ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.

1 തെസ്സലൊനീക്യർ 5:8

നാമോ പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.

1 തെസ്സലൊനീക്യർ 5:9

ദൈവം നമ്മെ കോപത്തിനല്ല,

1 തെസ്സലൊനീക്യർ 5:10

നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്.

1 തെസ്സലൊനീക്യർ 5:11

ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർധന വരുത്തിയും പോരുവിൻ.

1 തെസ്സലൊനീക്യർ 5:12

സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞ്

1 തെസ്സലൊനീക്യർ 5:13

അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.

1 തെസ്സലൊനീക്യർ 5:14

സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.

1 തെസ്സലൊനീക്യർ 5:15

ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;

1 തെസ്സലൊനീക്യർ 5:16

എപ്പോഴും സന്തോഷിപ്പിൻ;

1 തെസ്സലൊനീക്യർ 5:17

ഇടവിടാതെ പ്രാർഥിപ്പിൻ;

1 തെസ്സലൊനീക്യർ 5:18

എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

1 തെസ്സലൊനീക്യർ 5:19

ആത്മാവിനെ കെടുക്കരുത്.

1 തെസ്സലൊനീക്യർ 5:20

പ്രവചനം തുച്ഛീകരിക്കരുത്.

1 തെസ്സലൊനീക്യർ 5:21

സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ.

1 തെസ്സലൊനീക്യർ 5:22

സകലവിധ ദോഷവും വിട്ടകലുവിൻ.

1 തെസ്സലൊനീക്യർ 5:23

സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

1 തെസ്സലൊനീക്യർ 5:24

നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിക്കും.

1 തെസ്സലൊനീക്യർ 5:25

സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ.

1 തെസ്സലൊനീക്യർ 5:26

സകല സഹോദരന്മാരെയും വിശുദ്ധ ചുംബനത്താൽ വന്ദനം ചെയ്‍വിൻ.

1 തെസ്സലൊനീക്യർ 5:27

കർത്താവാണ, സഹോദരന്മാരെയൊക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.

1 തെസ്സലൊനീക്യർ 5:28

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.