സെഫന്യാവ് - 1 -ാം അധ്യായം

123

വാക്യങ്ങൾ 1 നിന്ന് 18 വരെ

സെഫന്യാവ് 1:1

യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്.

സെഫന്യാവ് 1:2

ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.

സെഫന്യാവ് 1:3

ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽനിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.

സെഫന്യാവ് 1:4

ഞാൻ യെഹൂദായുടെമേലും യെരൂശലേമിലെ സകല നിവാസികളുടെമേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടുകൂടെ പൂജാരികളുടെ പേരിനെയും

സെഫന്യാവ് 1:5

മേൽപ്പുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും

സെഫന്യാവ് 1:6

യഹോവയെ വിട്ടു പിന്മാറിയവരെയും യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.

സെഫന്യാവ് 1:7

യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.

സെഫന്യാവ് 1:8

എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദർശിക്കും.

സെഫന്യാവ് 1:9

അന്നാളിൽ ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുന്നവരെയും സന്ദർശിക്കും.

സെഫന്യാവ് 1:10

അന്നാളിൽ മത്സ്യഗോപുരത്തിൽനിന്ന് ഉറക്കെയുള്ളൊരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ത്ധടത്ധടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്.

സെഫന്യാവ് 1:11

മക്തേശ്നിവാസികളേ, മുറയിടുവിൻ; വ്യാപാരിജനമൊക്കെയും നശിച്ചു പോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.

സെഫന്യാവ് 1:12

ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറച്ചുകിടന്ന്: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും.

സെഫന്യാവ് 1:13

അങ്ങനെ അവരുടെ സമ്പത്ത് കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയിത്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.

സെഫന്യാവ് 1:14

യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അടുത്ത് അത്യന്തം ബദ്ധപ്പെട്ടു വരുന്നു; കേട്ടോ, യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.

സെഫന്യാവ് 1:15

ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,

സെഫന്യാവ് 1:16

ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ.

സെഫന്യാവ് 1:17

മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠംപോലെയും ചൊരിയും.

സെഫന്യാവ് 1:18

യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.